EMS - ഇന്നും പ്രകാശിക്കുന്ന ചുവന്ന നക്ഷത്രം

വിമോചനസമരത്തെത്തുടർന്ന് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കേന്ദ്രം ചോരയിൽ മുക്കിക്കൊന്നു. മുഖ്യമന്ത്രിയായിരുന്ന മഹാനായ ഇഎംഎസിന് നാടെമ്പാടും സ്വീകരണം. ഇന്നത്തെ കോതമംഗലം അന്ന് മൂവാറ്റുപുഴ താലൂക്കിന്റെ ഭാഗമായിരുന്നു. കോതമംഗലത്തു വച്ച് ഇഎംഎസിന് വീരോചിതമായ വരവേൽപ്പ്. നാടെമ്പാടും ഇളകിയാർത്ത് കോതമംഗലത്തേയ്‌ക്കൊഴുകി. അമ്മയോടൊപ്പം ഞാനും പോയിരുന്നു. വെള്ളമുണ്ടും മുറിക്കയ്യൻ ഷർട്ടുമിട്ട് ആ കുറിയ മനുഷ്യൻ സ്റ്റേജിലേക്ക് കടന്നുവന്നു. മുദ്രാവാക്യങ്ങളും ആർപ്പുവിളികളും കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊണ്ടു. കുട്ടിയായിരുന്ന എന്നെ ആനിക്കാട്ടെ പഴയ കമ്മ്യൂണിസ്റ്റ് കാരണവരായ സ.സി.എസ് എടുത്തു പൊക്കി. ''നന്നായി കണ്ടോടാ, വീട്ടിൽ ചെല്ലുമ്പോൾ ഇനി കണ്ടില്ലാന്നു പറയരുത്''. കൺകുളിർക്കെ കണ്ടു. അന്ന് മനസ്സിലുദിച്ച മോഹമായിരുന്നു ആ ദേഹത്തൊന്നു തൊട്ടുനോക്കണമെന്ന്. ഞാൻ വളർന്നു വലുതായപ്പോൾ പിന്നീടെത്ര തവണ തൊട്ടു. ഇന്ത്യ കണ്ട എക്കാലത്തേയും വലിയ മാർക്‌സിസ്റ്റ് പണ്ഡിതൻ. ദാർശനിക ലോകത്തെ ഇന്നും പ്രകാശിക്കുന്ന ചുവന്ന നക്ഷത്രം. ഓർമ്മകൾ ഒരു വിദ്യുത് പ്രവാഹം പോലെ മനസ്സു നിറയ്ക്കുമ്പോൾ കുട്ടിയായിരുന്ന ഞാൻ കോതമംഗലത്തു വച്ചു കേട്ട ആ ശബ്ദം ദാ ഇപ്പോഴും കാതിൽ മുഴങ്ങുന്നു.