പ്രൊഫൈൽ

കരിങ്കൽതൊഴിലാളിയായ നീലകണ്ഠന്റെയും ലക്ഷ്മിയുടെയും മകനായി മൂവാറ്റുപുഴയിൽ ജനിച്ചു.ഗവ.ബേസിക് ട്രെയിനിംഗ് സ്‌കൂൾ, മൂവാറ്റുപുഴ, ആനിക്കാട് സെന്റ് ആന്റണീസ് എൽപി സ്‌കൂൾ, മൂവാറ്റുപുഴ ശിവൻകുന്ന് ഗവ.യുപിഎസ്, മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.മൂവാറ്റുപുഴ നിർമ്മലകോളേജിൽ പ്രീഡിഗ്രി കോഴ്‌സ്‌ പൂർത്തിയാക്കി. കളമശ്ശേരി ഗവണ്മെന്റ്‌ പോളിടെക്‌നിക്കിൽ ഉപരിപഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1970 ൽ എസ്.എഫ്‌.ഐ രൂപീകരണസമയത്ത് താലൂക്ക് സെക്രട്ടറിയായിരുന്നു. 1969 ൽ ഇടതുപക്ഷ യുവജനസംഘടനയായ കെഎസ്‌വൈഎഫ് ന്റെ പ്രവർത്തകനായി. കെഎസ്‌വൈഎഫ് മൂവാറ്റുപുഴ താലൂക്ക് സെക്രട്ടറി, എറണാകുളം ജില്ലാജോയിന്റ് സെക്രട്ടറി, ജില്ല പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.' 1980 ൽ ഡി.വൈ.എഫ്‌.ഐ രൂപീകരണസമയത്ത്‌ എറണാകുളം ജില്ലാകമ്മിറ്റിയുടെ പ്രഥമസെക്രട്ടറിയായി ചുമതല വഹിച്ചു. ഡി.വൈ.എഫ്‌.ഐ.യുടെ പ്രഥമ കേന്ദ്രകമ്മിറ്റിയിൽ അംഗമായിരുന്നു. കോഴിക്കോട് സമ്മേളനത്തിൽ സിപിഐ(എം)സംസ്ഥാനകമ്മിറ്റിയിൽ അംഗമായി. നിരവധി വർഗ്ഗ ബഹുജന സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ട്രാൻസ്‌പോർട്ട് സമരത്തിലും അടിയന്തിരാവസ്ഥക്കാലത്തും പാർട്ടി പ്രവർത്തനങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് കൊടിയ മർദ്ദനങ്ങൾക്കിരയായിട്ടുണ്ട്. സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ ജയിൽവാസമനുവഭിച്ചു. 1970 ലെ ട്രാൻസ്‌പോർട്ട് സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദ്ദനങ്ങൾക്കിരയായി. 1970 ൽ എസ്എഫ്‌ഐ രൂപീകരണത്തിനു ശേഷം നടന്ന വിദ്യാർത്ഥിസമരത്തിനിടെ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. മൂവാറ്റുപുഴ ആനിക്കാട് ഇട്ടിയക്കാടന്റെ മിച്ചഭൂമി സമരത്തിൽ അറസ്റ്റിലായി ജയിലിൽ അടയ്ക്കപ്പെട്ടു. 1987 ൽ പിറവത്തുനിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[1] സെറിഫെഡ് ചെയർമാൻ, കേരള സ്‌റ്റേറ്റ് ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്‌.

1969ൽ സിപിഐ(എം) ൽ അംഗമായി. 1972 ൽ മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി. 1973 ൽ മൂവാറ്റുപുഴ മുനിസിപ്പൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. 1982 ൽ ജില്ലാകമ്മിറ്റി അംഗമായി. 1985 ൽ കൂത്താട്ടുകുളം ഏരിയാസെക്രട്ടറിയുടെ ചുമതലയിലെത്തി. 2002 ഫെബ്രുവരിയിൽ ജില്ലാസെക്രട്ടറിയായിരുന്ന എ.പി.വർക്കിയുടെ മരണത്തെത്തുടർന്ന് സിപിഐ(എം) എറണാകുളം ജില്ലാസെക്രട്ടറിയായി ചുമതലയേറ്റു. 2011 വരെ ജില്ലാസെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. കെഎസ്‌കെടിയു എറണാകുളം ജില്ലാജോയിന്റ് സെക്രട്ടറി, പിറവം റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, മൂവാറ്റുപുഴ താലൂക്ക് ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി, മൂവാറ്റുപുഴ എരിയ പീടികത്തൊഴിലാളി യൂണിയൻ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്‌. കേരള കർഷകസംഘം എറണാകുളം ജില്ലാസെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന ട്രഷറർ, അഖിലേന്ത്യാ കിസാൻ സഭ അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
 

https://ml.wikipedia.org/wiki/Gopi_kottamurikal