അഞ്ചരവയസ്സുള്ള ആൺകുട്ടിയും നീലനിറമുള്ള വള്ളിനിക്കറും

ഓണത്തിന്റെ തൊട്ടുതലേന്ന് ഉത്രാടദിവസമാണ് അമ്മ ചന്തക്ക് പോകാറുള്ളത്. കൃത്യമായി പറഞ്ഞാൽ ആണ്ടിൽ രണ്ടുതവണ-ഓണത്തിനും വിഷുവിനും വേണ്ടി.

മൂവാറ്റുപുഴ കാവുങ്കര ചന്തയിൽ നിന്നും പച്ചക്കറിയും വീട്ടുസാമാനങ്ങളും വാങ്ങി തൊടുപുഴക്ക് പോകുന്ന ശിവറാം ബസ്സിൽ ഉച്ചക്ക് പന്ത്രണ്ടര മണിയോടെ അമ്മ ആനിക്കാട് ചിറപ്പടി സേ്റ്റാപ്പിലിറങ്ങും. എന്റെ ഓണക്കോടിയായ വള്ളിനിക്കർ ചന്തയിലുള്ള ഒരു കൊച്ചുകടയിൽ നിന്നാണ് അമ്മ വാങ്ങുന്നത്.

ഞാൻ ശിവറാം ബസ്സ് വരുന്നതും കാത്ത് നിന്നു. ബസ്സ് വന്നുനിന്നു. പുല്ലാന്തിപ്പീടികയിലുള്ള അവിരാച്ചൻ ചേട്ടനും അലക്കുകാരൻ കുഞ്ചുവും അതിനുപിന്നാലെ അമ്മയും വണ്ടിയിൽ നിന്നിറങ്ങി. ഒരു കുട്ടിച്ചാക്കു നിറയെ പലവിധ സാധനങ്ങളും കൈയിൽ ഒരുകെട്ട് മുരിങ്ങാക്കായും രണ്ടറ്റവും ഉള്ളിലേക്ക് ചുരുട്ടിക്കേറ്റിയ ഒരു കടലാസ് പൊതിയും. രണ്ടു സാധനങ്ങളും അമ്മ എന്റെ കൈയിലേക്ക് തന്നു.

“സാധനങ്ങൾക്കൊക്കെ എന്താ വില. നമ്മളേപ്പോലുള്ളവർ എങ്ങനെ കഴിഞ്ഞുകൂടും.” അമ്മ ഉറക്കെപ്പറഞ്ഞു.

ശിവറാം ബസ്സിലെ കിളി നാരായണൻ നീട്ടി വിസിലൂതി. പതിവിൽ കൂടുതൽ പുകവിട്ട് നിരങ്ങി നിരങ്ങി വണ്ടി മുന്നോട്ടുപോയി. വീട്ടിലേക്കോടി കേറി, മുരിങ്ങാക്കാ തറയിലേക്കിട്ട് കടലാസുപൊതി ചടപടാന്നു ഞാൻ പൊളിച്ചുനോക്കി. എനിക്കുള്ള ഓണക്കോടി. നീലനിറം. എനിക്ക് സന്തോഷമടക്കാനായില്ല.

ഞാനിട്ടിരുന്നത് പലയിടത്തും കീറിത്തുന്നിയ ഒന്നായിരുന്നു. അത് മുമ്പത്തെ വിഷുവിന്റേതാണ്. പഴയത് ഊരിയെറിഞ്ഞ് പുതിയത് ഞാനിട്ടുനോക്കി. ഇറക്കം വളരെ കൂടിപ്പോയി. വള്ളിക്ക് നീളം കൂടുതലാണ്. എനിക്ക് സങ്കടം വന്നു. കണ്ണുനിറഞ്ഞു ഞാൻ വിതുമ്പി.

എന്റെ മൂത്ത ചേച്ചി ഉടനെ തന്നെ പ്രശ്‌നം പരിഹരിച്ചു. സൂചിയും നൂലും കൊണ്ട് പുറകുവശത്ത് ഗുണം പോലെയുള്ള ഭാഗത്ത് വള്ളികൾ ചുരുക്കി തുന്നിത്തന്നു. പുറത്തൊരു തടിപ്പുണ്ടെങ്കിലും അതുമിട്ടു ഞാൻ തലങ്ങും വിലങ്ങും വിലസി. ഓണം കേമമായി ആഘോഷിച്ചു.

ഓണാവധി കഴിഞ്ഞ് സ്‌കൂൾ തുറന്നു. ഒന്നാംക്ലാസ്സിലെ കുട്ടികളിൽ ആറേഴുപേർക്കേ ഷർട്ടില്ലാതെ നിക്കർ മാത്രമുള്ളവരായുള്ളൂ. അതിലൊരാൾ ഞാനും.

അന്നമ്മസാർ വന്നു.

“ആൾ സ്റ്റാന്റപ്പ്”. ഞങ്ങൾ എല്ലാവരും എഴുന്നേറ്റു നിന്നു.

“ഫേസ് ടു ഫേസ”. ഞങ്ങൾ മുഖം തിരിഞ്ഞു നിൽപ്പായി.

സാർ ഓരോ വാക്കുകൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. കേട്ടെഴുത്തായിരുന്നു. കല്ലുപെൻസിൽ കൊണ്ട് കരകരാന്ന് സ്ലേറ്റിൽ എഴുതുമ്പോഴും ഒളികണ്ണിട്ട് ഞാൻ മറ്റു ചിലരുടെ നിക്കറുകൾ നോക്കി. എന്റത്രേം നിറമുള്ള ഒന്നും കണ്ടില്ല. എന്റെയുള്ളിന്റെയുള്ളിൽ അഭിമാനവും സന്തോഷവും ചേർന്ന സമ്മിശ്രവികാരം നിറഞ്ഞുതുളുമ്പി.

ആ പീരിയഡു കഴിഞ്ഞു. അടുത്ത വിഷയം പഠിപ്പിക്കുവാൻ തങ്കമ്മസാർ വന്നു. ബഹുമാനപുരസ്സരം ഞങ്ങൾ എഴുന്നേറ്റുനിന്നു.

ആ സമയം നോക്കി എന്റെ തൊട്ടുപുറകിലിരുന്ന ജെയിംസ് എന്റെ നിക്കറിന്റെ പിറകിൽ തുന്നിക്കൂട്ടിയ ഭാഗത്തു പിടിച്ചൊറ്റവലി. പിറകിലെ തുന്നൽ പൊട്ടി നിക്കർ കീഴോട്ടിറങ്ങി. ഞാനെഴുന്നേറ്റു നിന്നു. അഞ്ചരവയസ്സുള്ള എനിക്ക് ഷഡ്ഡിയില്ലായിരുന്നു. മറ്റ് ആർക്കെല്ലാം ഉണ്ടെന്ന് എനിക്കറിയാനും പാടില്ലായിരുന്നു.

എന്റെ വിതുമ്പൽ അടക്കാനാവാത്ത പൊട്ടിക്കരച്ചിലായി. സാറുൾപ്പെടെ മറ്റെല്ലാ കുട്ടികളും ആർത്തുചിരിച്ചു. ഞാൻ അപമാനിതനായി. നീന്തലറിയാത്ത കുട്ടി നിലയില്ലാക്കയത്തിൽ പെട്ടതുപോലെ. കോമ്പസ്സിന്റെ കൂർത്തമുന കൊണ്ട് ഹൃദയത്തിലൊരു വള്ളിനിക്കർ വരച്ചതുപോലെ. വര പോയയിടങ്ങളിലെല്ലാം ചോര പൊടിഞ്ഞതുപോലെ. 

“സൈലൻസ്”

ചിരി പെട്ടെന്നു നിയന്ത്രിച്ച് തങ്കമ്മസാർ മറ്റു കുട്ടികൾക്കു നേരെ അലറി. എന്റെ പിറകിലത്തെ ബഞ്ചിലിരിക്കുന്ന ജെയിംസിന്റെയടുത്തേക്ക് വന്ന് രണ്ടുചെവിയും പിടിച്ച് തിരുമ്മിയൊടിച്ചു ചുറ്റിക്കുമ്പോൾ ഞാൻ പിറകോട്ടു നോക്കി. വേദനകൊണ്ട് അവൻ പുളഞ്ഞ് എന്നെ നോക്കുമ്പോഴും എന്റെ നേരെ നോക്കി ഇളിച്ചുകാണിക്കുന്നതു പോലെ എനിക്ക് തോന്നി. എന്തായാലും സംഗതി കോംപ്രമൈസ്. ആ ദിവസം ക്ലാസ്സ് തീർന്ന് വീടെത്തുംവരെ മുൻവശത്തെ രണ്ടുവള്ളിയും ചുരുട്ടിപ്പിടിച്ച് നിക്കർ പാകത്തിനാക്കി പിന്നീട് നാണംകെടാതെ നന്നായി ജാഗ്രതപാലിച്ചു.

വീണ്ടും ഉത്രാടവും പിന്നെ തിരുവോണവും കടന്നുവരുമ്പോൾ അമ്പത്തൊമ്പതര വർഷം മുമ്പുള്ള എന്റെ നീല നിക്കറാണ് മനസ്സാകെ നിറഞ്ഞുനിൽക്കുന്നത്.

എല്ലാവർക്കും ഓണാംശംസകൾ നേരുന്നു.