അഴീക്കോടൻ - വിപ്ലവവിഹായസ്സിലെ ചെഞ്ചോര നക്ഷത്രം

തൃശ്ശൂരിലെ ചെട്ടിയങ്ങാടിയിൽ വർഗ്ഗശത്രുക്കളുടെ കുത്തേറ്റ് തെരുവോരത്താണ് സ.അഴീക്കോടൻ പിടഞ്ഞുവീണ് കൊല്ലപ്പെട്ടത്. അതിന്റെ മൂന്നോ നാലോ ദിവസം മുൻപ് അദ്ദേഹം മൂവാറ്റുപുഴ പാർട്ടി ഓഫീസിൽ വന്നു. കച്ചേരിത്താഴത്തെ മമ്മിക്കുട്ടി ബിൽഡിംഗിലെ മുകളിലത്തെ നിലയിലെ ഒറ്റമുറിയിലായിരുന്നു പാർട്ടി ആഫീസ്. 
മൂവാറ്റുപുഴ കെഎസ്ആർടിസിയിലെ തൊഴിലാളികളുടെ ആദ്യത്തെ യൂണിറ്റ് രൂപീകരണത്തിനാണദ്ദേഹം വന്നത്. ആഫീസിൽ ഞാനും പി.എം.മക്കാരിക്കയും സംസാരിച്ചിരിക്കുകയായിരുന്നു. തുരുമ്പിച്ച സ്റ്റീൽ കസേരയുടെ ഇരിപ്പിടത്തിൽ പഴയ മൂന്നാലു ദേശാഭിമാനി പത്രം മടക്കിയിട്ട് അതിൽ പലരും ഇരുന്നിരുന്ന് കസേരയുടെ തകിടിനോട് പത്രം വളരെ ഐക്യപ്പെട്ടിരുന്നു. അതിൽ അദ്ദേഹമിരുന്നു. ഞങ്ങൾ ബെഞ്ചിലും.
അന്ന് യൂണിറ്റ് രൂപീകരണം കഴിഞ്ഞ് കെഎസ്ആർടിസിയിലെ സ.ടി.കെ.വേലായുധനും ഞാനും കൂടി ഹോട്ടൽ മാർക്കണ്‌ഡോദയത്തിൽ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചു. സ.വേലായുധൻ കാശു കൊടുത്തു. രാത്രിയിൽ വേലായുധനും ഞാനും കൂടി ബസ് കയറ്റി വിട്ടു.
മൂന്നോ നാലോ ദിവസം കഴിഞ്ഞ് നാടിനെ നടുക്കിയ ആ വാർത്ത കേട്ടു. ഓരോ ദിനാചരണവും കടന്നുവരുമ്പോൾ കയ്യിൽ ബാഗും തൂക്കി ബസ്സിലേക്ക് കയറിയ, രാത്രിയിൽ കൈവീശി കാണിച്ചു കടന്നുപോയ, എന്റെ ചങ്കിൽ ഇന്നും ഒട്ടിച്ചേർന്നു കിടക്കുന്ന മനോഹരമായ ചിരി എനിക്ക് സമ്മാനിച്ച സ.അഴീക്കോടനാണു മനസ്സു നിറയെ. പോരാട്ടഭൂമിയിൽ അചഞ്ചലനായി അവസാനശ്വാസം വരെ നെഞ്ചുവിരിച്ചു നിന്ന വീരനായ പോരാളിക്ക് നൂറുചുവപ്പൻ അഭിവാദ്യങ്ങൾ

Comments