ഇരുണ്ട രാവുകൾക്കും തളർത്താനാവാത്തൊരു ചെറിയ മനുഷ്യൻ

അടിയന്തിരാവസ്ഥയിലെ ഒരു രാത്രി കൂടി എരിഞ്ഞടങ്ങി.
നേരം നന്നായി വെളുത്തു തുടങ്ങി.

സമയമെന്തായി എന്നറിയാൻ ഒരു നിവൃത്തിയുമില്ല.
കാശോ വാച്ചോ ഒന്നും ആരുടെയും പാക്കറ്റിലുണ്ടായിരുന്നില്ല.
എല്ലാം വീട്ടിലെടുത്തു വച്ചിട്ടാണ് പോന്നത്.

അറസ്റ്റു നടക്കുമ്പോൾ ഉന്തും തള്ളും അടിയുമൊക്കെയുണ്ടാവാം. അപ്പോഴത് വീണു പോകാതിരിക്കാനുള്ള മുൻകരുതൽ മാത്രം.

ഞങ്ങൾ കസ്റ്റഡിയിലായ ഏഴുപേരുടെയും ഷർട്ടും മുണ്ടും ഊരി വാങ്ങിയിരുന്നു. എല്ലാവർക്കും അടിവസ്ത്രം മാത്രം. എന്നിട്ടാണ് മർദ്ദനമുറകളുടെ അരങ്ങേറ്റം ആരംഭിച്ചത്. അന്ന് തൃപ്പൂണിത്തുറ എആർ ക്യാമ്പിൽ നിന്നും പ്രത്യേകമായി കൊണ്ടുവന്ന പതിനെട്ടോളം പോലീസുകാരാണ് വളഞ്ഞുനിന്ന് ഞങ്ങളെ കൈകാര്യം ചെയ്തത്. പിന്നീട് ഞങ്ങളെ ലോക്കപ്പിനകത്താക്കി.

രാത്രി അവസാനിക്കും വരെ സ്‌റ്റേഷനിൽ വന്നുപോയ ഏമാന്മാർ ലോക്കപ്പിന്റെ മുൻവശത്തെ അഴികളോട്‌ ചേർത്തുനിർത്തിയാണെങ്കിലും അവർക്കാവുന്നത് തന്നുകൊണ്ടേയിരുന്നു.

ലോക്കപ്പു സൂക്ഷിപ്പുകാരനായ ഹെഡ് കോൺസ്റ്റബിൾ മത്തായിക്കൊരു പേടി. ലോക്കപ്പു തുറന്നുകൊടുത്താൽ ആരെയെങ്കിലും പോലീസുകാർ തല്ലിക്കൊല്ലും.

എസ് ഐ പറയാതെ തുറക്കില്ലെന്ന നിലപാടാണ് മത്തായിക്കുണ്ടായിരുന്നത്.

രാത്രി രണ്ടുമണി കഴിഞ്ഞുകാണും എസ്‌ഐ വീട്ടിലേയ്ക്കു പോകുമ്പോൾ. അദ്ദേഹം വല്ലാതെ ക്ഷീണിച്ചിരുന്നു. പണിയെടുത്തിട്ടല്ല. ലോക്കപ്പിൽ അടയ്ക്കും വരെ അയാൾക്കും സാദ്ധ്യമായത്ര ഞങ്ങളെ തല്ലിയിരുന്നു. ഭയപ്പെടുത്തുന്ന കാഴ്ചകളാണ് നേരം പുലരും വരെ സ്റ്റേഷനകത്ത് ഞങ്ങൾക്ക് കാണാനായത്.

നൈറ്റ് പട്രോളിംഗിനു പോയ പോലീസുകാർ വഴിയിൽ കണ്ട ഓരോരുത്തരേയും പൊക്കി.

സെക്കന്റ് ഷോ കഴിഞ്ഞ് നടന്നുപോയവർ, ലാസ്റ്റ് ബസ്സില്ലാത്തതിനാൽ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു നടന്നുപോയവർ തുടങ്ങി കണ്ണിൽപ്പെട്ട എല്ലാവരേയും പോലീസുകാർ റാഞ്ചി. അവരെ ഓരോരുത്തരെയായി സ്റ്റേഷനകത്ത് കൊണ്ടുവന്ന് ക്രൂരമായി മർദ്ദിക്കുന്ന കാര്യത്തിൽ ഒരു പോലീസുകാരനും മടിയുണ്ടായിരുന്നില്ല.

സമയം രാത്രി പന്ത്രണ്ടു മണികഴിഞ്ഞു കാണും. കല്ലൂർക്കാടു ഷാപ്പിലെ ചെത്തുതൊഴിലാളിയും പാർട്ടിപ്രവർത്തകനുമായിരുന്ന സ.തങ്കപ്പനെ കൊണ്ടുവന്ന് അകത്തെ മുറിയിലേയ്‌ക്കെറിഞ്ഞു. വീഴ്ചയിൽ നിന്നും മെല്ലെ നിലത്തു കൈകുത്തി എഴുന്നേറ്റ തങ്കപ്പൻ ചുറ്റും നോക്കി.

ലോക്കപ്പിനകത്ത് ഉറങ്ങാതെ നോക്കിയിരിക്കുന്ന ഞങ്ങളെ കണ്ടപ്പോൾ അങ്കലാപ്പ് ഒഴിവായി.

അരമുക്കാൽ മണിക്കൂറു കഴിഞ്ഞിട്ടുണ്ടാവാം. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മൂത്തേടത്ത് കുട്ടപ്പനെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ കാർ റോഡ്‌സൈഡിൽ പാർക്ക് ചെയ്തുവെന്നു പറഞ്ഞു കസ്റ്റഡിയിലെടുത്തതാണ്.

രണ്ടും മൂന്നും പേരെ സേ്റ്റഷനിൽ കൊണ്ടുവന്നാക്കി ഉടനെ ജീപ്പു മടങ്ങിപ്പോകും. ഇങ്ങനെ കിട്ടിയവർ ആരായാലും അവരെ വേണ്ടപോലെ സൽക്കരിക്കാൻ എസ്‌ഐയും ഒട്ടും പിശുക്ക് കാണിച്ചില്ല.

മഴ തോർന്നിട്ടും തുള്ളികൾ വിട്ടുമാറാൻ മടികാണിച്ചു നിന്നു. നേരം നന്നായി പുലർന്നു. കിഴക്കുനിന്നും ശോകച്ഛവി കലർന്ന ഒരു തളർന്ന വെട്ടം സ്റ്റേഷന്റെ മുൻവശത്തുണ്ടായിരുന്ന പ്ലാവിന്റെ ഇലകളെ സ്പർശിച്ചു കടന്നുപോയി.

തലേന്ന് രാത്രിയിലെ സംഭവങ്ങൾ ഓരോന്നായി ഓർത്തെടുക്കുകയായിരുന്നു. പെട്ടെന്നാണ് സ്റ്റേഷന്റെ മുൻവശത്ത് ജീപ്പു വന്നു നിന്നത്. എസ്‌ഐ ചാടിയിറങ്ങി ഓഫീസിലേക്കു കയറിപ്പോയി.

ഞങ്ങൾ പരസ്പരം നേരിയ ശബ്ദത്തിൽ പറഞ്ഞു.സമയം എട്ട് എട്ടരയായി കാണും. എസ്‌ഐ വന്നല്ലോ. സിമന്റിട്ട തറയിൽ പഴയ പത്രം പോലും വിരിക്കാതെ കിടന്നതിന്റെ മേലുവേദന സഹിയ്ക്കാവുന്നതിലപ്പുറമായിരുന്

നു.

പുറത്തെ മുറിയിലാണ് എസ്‌ഐ ഇരുന്നത്.

കാവൽക്കാരെപ്പോലെ ഹാഫ് ഡോറിനു തൊട്ടുരുമ്മി രണ്ടു പോലീസുകാരുമുണ്ട്. കേസുകാര്യങ്ങൾക്കായി വന്നവർ അങ്ങിങ്ങായി നിൽപ്പുണ്ട്. ചിലർ സൂത്രത്തിൽ ഒളികണ്ണിട്ട്, വാതിൽപ്പാളികൾക്കിടയിലൂടെ ലോക്കപ്പിനകത്തേയ്ക്കു എത്തിനോക്കുന്നുണ്ട്.

തെറിവിളിയും അട്ടഹാസവും കൊണ്ട് പല കേസുകളും പെട്ടെന്നു തീർപ്പായി.

ആ നടപടി പൂർത്തിയാക്കി അയാൾ അകത്തേയ്ക്കു വന്നു. കസേരയുണ്ടായിട്ടും അതിലിരുന്നില്ല.

അവിടെ കിടന്ന മേശയുടെ അറ്റത്ത് കാലിന്മേൽ കാൽ കയറ്റി ഇരുന്നു. ഒരു കാൽ ആട്ടിക്കൊണ്ട് ഞങ്ങളെ മാറി മാറി രൂക്ഷമായി നോക്കി.

പാർട്ടിയുടെ ഉശിരനായ സഖാവ് എ.കെ.ചന്ദ്രശേഖരൻ എന്ന എകെസി എന്റെ ചെവിയിൽ പതിയെ മന്ത്രിച്ചു.

"എനിയ്‌ക്കൊന്നു മൂത്രമൊഴിക്കണം."

"മൂലേലിരിക്കുന്ന ടിന്നു നിറഞ്ഞോ?" ഞാൻ ചോദിച്ചു.

"ഇന്നലെ മഴ തോർന്നില്ലാലൊ. രണ്ടുപേരായപ്പോളെ ടിന്നു നിറഞ്ഞു. എന്റെ വയറ് കൊളത്തിപ്പിടിക്ക്വാ." പാവം എകെസി വേദനയോടെ പറഞ്ഞു.

"നീ ഉറക്കെപ്പറയടാ"

എന്റെ വാക്കുകൾ കേട്ടപാടെ "സാറെ മൂത്രമൊഴിക്കാൻ പൊക്കോട്ടെ?" ചന്ദ്രശേഖരൻ എസ്‌ഐയോടൊരു ചോദ്യം.

"ടിന്ന് മുള്ളി നെറച്ചോടാ?" എസ്‌ഐ രൗദ്രഭാവത്തിലായി.

"മത്തായീ തൊറന്നുകൊട്" എസ്‌ഐ ഹെഡ്‌കോൺസ്റ്റബളിന് നിർദ്ദേശം കൊടുത്തു.

ലോക്കപ്പിനകത്ത് ടോയ്‌ലറ്റ് ഉണ്ടായിരുന്നില്ല. സ്റ്റേഷൻ കെട്ടിടത്തിന്റെ പിന്നാമ്പുറത്തുള്ള ചാർത്തിലാണ് മൂത്രപ്പുര.

മൂത്രം നിറഞ്ഞ ടിന്നുമായി ചന്ദ്രശേഖരൻ ടോയ്‌ലറ്റിലേയ്ക്കു പോയി. ലോക്കപ്പിൽ നിന്നും ടോയ്‌ലറ്റിൽ ആരുപോകുന്നുവോ അയാളുടെ ഉത്തരവാദിത്വമാണ് ടിന്നുകാലിയാക്കി കഴുകി വയ്ക്കുകയെന്നത്.

ചന്ദ്രശേഖരൻ മടങ്ങി വന്ന് എസ്‌ഐയുടെ അരികുചേർന്നു രണ്ടുമൂന്നടി മുന്നോട്ടുവച്ചു.

പിന്നിൽ നിന്നും കാലുമടക്കി സർവ്വശക്തിയുമുപയോഗിച്ച് ആഞ്ഞൊരടി. എസ്‌ഐയുടെ പുതിയ മുറ ചന്ദ്രശേഖരന്റെ പുറത്താരംഭിച്ചു.

ടിന്നു ദൂരെ തെറിച്ച് ഉരുണ്ട് ലോക്കപ്പിന്റെ കമ്പിയിഴിയിൽ മുട്ടിനിന്നു. തറയിൽ കമിഴ്ന്നടിച്ചു വീണ എകെസിയെ നോക്കി അയാൾ അലറി.

"തുള്ളടാ, തലയിൽ കൈ രണ്ടും കേറ്റിവച്ചു തുള്ളടാ നായിന്റെ മോനെ ഇത് അടിയന്തിരാവസ്ഥയാടാ. നിന്നെയൊക്കെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയാലും ആരും ചോദിക്കാനില്ലെടാ തെണ്ടീ." ലോക്കപ്പിൽ നിന്നും നിലവിളിയും മുദ്രാവാക്യവും ഇടകലർന്ന് ഒരു അലർച്ചപോലെ പുറത്തേയ്‌ക്കൊഴുകി വന്നു. എസ്‌ഐ പുറത്തെ മുറിയിലേയ്ക്കു പോയി.

വായിലൂടെ നുരയും പതയും ഒഴുകി. ചന്ദ്രശേഖരൻ തളർന്നു വീഴാറായി

എകെസി ദയനീയമായ ശബ്ദത്തിൽ കെഞ്ചി.

"സാറെ നിർത്തിക്കോട്ടെ?"

"നിർത്തിക്കോ മതി."

നിർത്താൻ പറഞ്ഞത് എസ്‌ഐ ആയിരുന്നില്ല. ഞങ്ങളോടൊപ്പം ലോക്കപ്പു ചെയ്തിരുന്ന ഏഴെട്ടു മോഷണക്കേസിലെ പ്രതിയായിരുന്ന കറുത്ത് കൊഴുത്തുരുണ്ട കള്ളൻ പത്മനാഭൻ.

എസ്‌ഐയും നാലഞ്ചു കൂട്ടാളികളും അകത്തേയ്ക്കു വന്നു. ലോക്കപ്പു തുറന്നു. ചന്ദ്രശേഖരന്റെ വായിലൂടെ ഒലിച്ചിറങ്ങിയ ചോര കലർന്ന തുപ്പൽ നെഞ്ചിലൂടെ കീഴോട്ട് ചാലിട്ടൊഴുകി.

രാത്രിയിലെ കലാപരിപാടി മൂലം അവശനായ ഞാൻ ലോക്കപ്പിന്റെ ഭിത്തിയിൽ ചാരി കാലും നീട്ടിയിരിക്കുകയായിരുന്നു.

എന്റെ മടിയിലേയ്ക്കു തളർന്നുവീണ എന്റെ സഖാവ് ശ്വാസമെടുക്കാൻ വല്ലാതെ പ്രയാസപ്പെട്ടു.

കള്ളൻ പത്മനാഭനെ പുറത്തേയ്ക്കിറക്കി. എസ്‌ഐയും നാലഞ്ചു പോലീസുകാരും ചേർന്നു സിമന്റു തറയിലിട്ടു കുറേനേരം കൈകാര്യം ചെയ്തു.

ചന്ദ്രശേഖരൻ മെല്ലെ കണ്ണുതുറന്നു. വെള്ളം കുടിയ്ക്കണമെന്ന് ആംഗ്യം കാണിച്ചു.

ഭാഗ്യം. ദാമോദരൻ നായർ എന്ന ഹെഡ് കോൺസ്റ്റബിൾ ഒരു ചെറിയ സ്റ്റീൽ ഗ്ലാസ്സ് നിറയെ വെള്ളമെടുത്തു േലാക്കപ്പിന്റെ അഴികൾക്കിടയിലൂടെ അകത്തേയ്ക്കു തന്നു. തല്ലുകാർക്കിടയിൽ ആരെയും തല്ലാതെ മാറി നിന്നൊരു മനുഷ്യസ്‌നേഹിയായ പോലീസുകാരൻ.

നന്നെ വെളുത്ത് സാമാന്യം തടിച്ച ശരീരപ്രകൃതി. തിരുവാങ്കുളത്ത് ഇരുമ്പനത്തുകാരനാണെന്ന് വളരെ വൈകിയാണു മനസ്സിലാകുന്നത്.

87ൽ ഞാൻ നിയമസഭ സ്ഥാനാർത്ഥിയായി അവിടെ ചെല്ലുമ്പോൾ സ്വീകരിക്കാൻ നിന്നവരുടെ കൂട്ടത്തിൽ റിട്ടയർ ചെയ്ത അദ്ദേഹവും ഒരു ചുവന്ന മാലയുമായി നിൽപ്പുണ്ടായിരുന്നു.

വെള്ളം തുള്ളികളായി വേർപെടുത്തി നുണഞ്ഞുകീഴോട്ടിറക്കുമ്പോൾ ചന്ദ്രശേഖരൻ പാതി തുറന്ന കണ്ണുകളോടെ എന്നെ നോക്കിക്കൊണ്ടേയിരുന്നു.

വളരെ ചെറിയൊരു മനുഷ്യനായിരുന്നു സ.ചന്ദ്രശേഖരൻ. തയ്യൽതൊഴിലാളിയിൽ നിന്നും ശ്രദ്ധേയനായ പാർട്ടിസഖാവായി ഉയർന്നത് പാർട്ടിയ്ക്കു വേണ്ടിയുള്ള കഠിനമായ പരിശ്രമം വഴിയായിരുന്നു.

പൈനാപ്പിളിന്റെ നാടായ വാഴക്കുളം കേന്ദ്രമായ മഞ്ഞള്ളൂർ പഞ്ചായത്തിലെ പാർട്ടിസെക്രട്ടറി.

മുപ്പതു മുപ്പത്തഞ്ചു കൊല്ലം മുമ്പ് വാഴക്കുളത്തെ പാർട്ടിപ്രവർത്തനം വളരെ ദുഷ്‌കരമായിരുന്നു.

സൈക്കിൾ റിപ്പയർ നടത്തുന്ന രാമൻകുട്ടി ആശാന്റെ കടമുറിയായിരുന്നു പാർട്ടിയുടെ അഭയകേന്ദ്രം.

സങ്കുചിത ജാതിമത വർഗ്ഗീയതയുടെ പ്രഭവകേന്ദ്രമായിരുന്ന മഞ്ഞള്ളൂർ കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്കും പേരുകേട്ട ഇടമായിരുന്നു.

ജീവിതത്തിന്റെ എല്ലാമേഖലകളിലും പിടിമുറുക്കിയ പ്രമാണിവർഗ്ഗത്തെ ഭയന്നാണ് കീഴാളരായ പാവങ്ങൾ കഴിഞ്ഞുവന്നത്.

ഇവരായിരുന്നു പാർട്ടിയ്‌ക്കൊപ്പം കൂട്ടുകൂടാൻ ഓടിയെത്തിയ സാധുക്കൾ.

നിരന്തരവും വിശ്രമരഹിതവുമായ പ്രവർത്തനം വഴി ശക്തമായ ബഹുജനാടിത്തറയോടെ ചന്ദ്രശേഖരൻ അവിടത്തെ പാർട്ടിയെ കരുത്തുറ്റതാക്കി.

ശ്രദ്ധേയമായ ബഹുജനപ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർന്നുവന്നു. പാർട്ടിയ്ക്കു സ്വന്തമായ ആഫീസുണ്ടായി. വർഗ്ഗ ബഹുജന സംഘടനകളുണ്ടായി.

അടിയന്തിരാവസ്ഥയിലെ കിരാതമായ മർദ്ദനം കൊണ്ട് എകെസിയെ തളർത്താനായില്ല. ദിവസേന സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെ ഏതാനും ദിവസങ്ങൾക്കു ശേഷം ലോക്കപ്പിൽ നിന്നും ഞങ്ങളെ വിട്ടയച്ചു.

പിന്നീടെത്രയോ ആഴ്ചകളും മാസങ്ങളും പോലീസിനു പിടികൊടുക്കാതെ രാത്രികാലങ്ങളിൽ എകെസി പാർട്ടി നിർദ്ദേശമനുസരിച്ച് പ്രവർത്തനങ്ങൾ നീക്കി. പകൽ മുടക്കമില്ലാതെ ഒപ്പിടാനും പോയിരുന്നു.

അടിയന്തിരാവസ്ഥ പിൻവലിയ്ക്കപ്പെട്ട ശേഷം നടന്ന ഒട്ടനവധി സമരങ്ങളുടെ മുന്നിലും കാറ്റത്തുപാറുന്ന ചെങ്കൊടിയുമായി സ.എകെസി മുമ്പേ നടന്നു.

ആനിക്കാട് ഇട്ട്യക്കാടന്റെ മിച്ചഭൂമിയിൽ ആദ്യമായി ചെങ്കൊടി നാട്ടിയതു സിപിഐ(എം) ആയിരുന്നു.

സമരദിവസം കാടും പടർപ്പും വകഞ്ഞുമാറ്റി മിച്ചഭൂമിയിൽ പോരാളികൾ വൃത്താകൃതിയിൽ കൈകോർത്തു നിന്നു. അതിനു നടുവിൽ ചെങ്കൊടി നാട്ടാൻ പാർട്ടി നിർദ്ദേശിച്ചത് ചന്ദ്രശേഖരനെയായിരുന്നു.

മക്കാരിക്കയും ഇസ്മയിലും ഞാനും കൂടിയാലോചിച്ചു. ഞങ്ങൾ മൂന്നാളുകളിലൊരാൾ അതു ചെയ്യുമെന്നു പോലീസ്‌ കരുതി അതു തടയാൻ പോലീസുകാർ ഞങ്ങളെ വലയം ചെയ്തു.

ദൗത്യം ചന്ദ്രശേഖരനെ ഏൽപ്പിച്ചത് മറ്റാരുമറിഞ്ഞിരുന്നില്ല.

ഇടിനാദം പോലൊരു ഇങ്ക്വിലാബ് മുഴങ്ങി
വെടിയുണ്ട പോലെ എകെസി കൊടിയുമായി പാഞ്ഞു.
ഓപ്പറേഷൻ സക്‌സസ്.

പാർട്ടി നിർദ്ദേശിച്ചിടത്തുതന്നെ ചെങ്കൊടി കുത്തി.
കാറ്റിൽ പാറിപറന്നാ ചെങ്കൊടി

ഇന്ന് സ.എകെസി നമുക്കൊപ്പമില്ല.
കള്ളക്കേസുകൾക്കും മർദ്ദനങ്ങൾക്കും തളർത്താൻ കഴിയാത്ത ആ ചെറിയ മനുഷ്യനെ മരണം കീഴ്‌പ്പെടുത്തി.

1999 നവംബർ 23 ചൊവ്വാഴ്ച.