എല്ലാ സൂര്യോദയങ്ങൾക്കും പിന്നിൽ ചുവപ്പുനിറമാണ്

“ഒരു ദിവസം ഒമ്പതു ഗുളികയൊണ്ടു സഖാവെ, അതാണെന്നു തോന്നണു, ആകെ ഒരു ക്ഷീണം. പിന്നെ വയസ്സ് 84 കഴിഞ്ഞില്ലേ ? ഇഞ്ഞി ക്ഷീണമില്ലാതെ പിന്നെ പഴേതു പോലെ ഓടി നടക്കാൻ പറ്റ്വോ ?”

ഇത് സ.'പി.കെ'.യുടെ സംസാരത്തിന്റെ തുടക്കമാണ്. എറണാകുളം ജില്ലയുടെ കിഴക്കൻമേഖലയിൽ പാർട്ടി കെട്ടിപ്പടുക്കാൻ ജീവിതം സമർപ്പിച്ച പഴയ തലമുറയിലെ ശേഷിക്കുന്ന കാരണവന്മാരിൽ ഏറ്റവും മുതിർന്നയാളാണ് കോതമംഗലത്തെ സ.പി.കെ.കുഞ്ഞുമുഹമ്മദ്. തങ്കളം കവലയ്ക്ക് തൊട്ടടുത്തു തന്നെയുള്ള വീട്ടിൽ ഭാര്യ നെബീസയും രണ്ടാമത്തെ മകൾ ഷൈലജയുമുണ്ടായിരുന്നു ഞാനാ പടി കയറി വീടിനകത്തേക്ക് ചെല്ലുമ്പോൾ.

സമയം കിട്ടുമ്പോഴൊക്കെ പികെയെ കാണാനെത്തുന്ന ആളായതിനാൽ കുടുംബാംഗങ്ങൾക്കൊന്നിനും ഞാൻ അപരിചിതനായിരുന്നില്ല.

“താഴെ പടിയിറങ്ങണമെങ്കിൽ രണ്ടുപേര് പിടിയ്ക്കണമല്ലെ?” സ്‌നേഹാന്വേഷണങ്ങളുമായി പികെയുടെ തൊട്ടുചേർന്നുള്ള കസേരയിൽ ഞാനിരുന്നു.

“ഹേയ് രണ്ടുപേരൊന്നും വേണ്ട. എടത്തുസൈഡിൽ പയ്യെ ഒന്ന് താങ്ങിത്തന്നാ മതി. നടപ്പ് പയ്യെപയ്യെയായിരിക്കുമെന്നേയൊള്ളൂ.” ചുട്ടു പൊള്ളുന്ന എത്രയോ അനുഭവങ്ങൾ മറി കടന്ന ആളാ ഞാൻ പിന്നെയാണോ കുറച്ചു ദുരത്തേയ്ക്കുള്ള നടപ്പെന്ന ഭാവത്തിൽ പികെ ഒരു ചെറുചിരിയോടെ എന്നെ നോക്കിപ്പറഞ്ഞു.

1952 ൽ അതായത് 61 വർഷം മുൻപ് പാർട്ടിയുടെ ആദ്യകാലങ്ങളിലെ താഴെത്തട്ടിലുള്ള സംഘടനാരൂപമായ 'സെൽ' വഴി പാർട്ടിപ്രവർത്തനമാരംഭിച്ച ഒരു സാധാരണ ബീഡിത്തൊഴിലാളി.

കുട്ടമ്പുഴ ഭാഗത്ത് ഇന്നുള്ള പാലം വരും മുമ്പ് വർഷങ്ങൾക്ക് അകലെ പുഴ കടന്ന് അക്കരെയെത്തി പാർട്ടി ക്ലാസ്സുകൾ എത്രയോ സംഘടിപ്പിച്ചു. അടിയാളരാവാൻ ജീവിതം മുഴുവൻ വിധിക്കപ്പെട്ടവരാണോ നിങ്ങളെന്ന് എത്രയോ വട്ടം ചോദ്യശരങ്ങളെയ്തു. ഭരണവർഗ്ഗത്തിന്റെ ദുർനയങ്ങളാൽ രാജ്യം എങ്ങിനെയായി മാറിയെന്നത്രവട്ടം അവരെ പഠിപ്പിച്ചു. വടാട്ടുപാറയും പുന്നേക്കാടും പാലമറ്റവും കോട്ടപ്പടിയും നെല്ലിക്കുഴിയും നെല്ലിമറ്റവും കടന്ന് വീടുകളും അത് വലംവയ്ക്കുന്ന ഗ്രാമങ്ങളും പിന്നിട്ട് സാധാരണക്കാരുടെ സഞ്ചാരപഥത്തിലൂടെ എത്രവട്ടം ഈ മനുഷ്യൻ നടന്നുനീങ്ങിയിട്ടുണ്ടാവാം !

“ഇതാരാ കൂടെയുള്ള രണ്ടാള്?” പി.കെയുടെ ഭാര്യ നെബീസാത്തയുടെ ചോദ്യം. 

“ഇത് എന്റെ മകൻ കുട്ടൻ. മൂവാറ്റുപുഴ ടൗൺ ബ്രാഞ്ചിന്റെ സെക്രട്ടറിയാ, മറ്റേത് കണ്ണൻ, ഇവന്റെ കൂട്ടുകാരനാ. അവനും പാർട്ടി മെമ്പറാ.” ഞാനവരെ പരിചയപ്പെടുത്തി. പികെ അവരെ സൂക്ഷിച്ചുനോക്കുന്നതു കണ്ടു ഞാൻ പറഞ്ഞു.

“ഞാൻ ഇങ്ങോട്ടാ വരുന്നതെന്നു പറഞ്ഞപ്പോ അവരും കൂടി. ഞങ്ങക്കും പികെയെ പരിചയപ്പെടാല്ലോന്നു പറഞ്ഞു.”

“അതു നന്നായി”. പി.കെ

പെട്ടെന്നാണു പികെയുടെ പേരക്കുട്ടി സ്റ്റെപ്പു കയറി ഞങ്ങളുടെയടുത്തേക്ക് വന്നത്.

അജ്മൽ പരിചയഭാവത്തിൽ എന്നെ നോക്കി ചിരിച്ചു.

“ഇവനെ നേരത്തെ സഖാവറിയോ?” പികെ

“പിന്നെ, ഇവൻ എന്റെ ഫേസ് ബുക്ക്‌ ഫ്രണ്ടാ. ഇവന്റെ പേരിന്റെ കൂടെ പി.കെ.കുഞ്ഞുമുഹമ്മദ് എന്നു ചേർത്തിട്ടുണ്ട്. പിന്നെങ്ങിനെ അറിയാതിരിക്കും.?”

“അവൻ ബികോം കഴിഞ്ഞു നിക്ക്വാ. എന്തെങ്കിലും ജോലി നോക്കി പിന്നേം പഠിച്ച് എംബിഎ എടുക്കണന്നാ അവന്റെ മോഹം.” അജ്മലിന്റെ ഉമ്മ സാജിത.

“അവനെന്തായാലും പികെയുടെ പേരിലറിയപ്പെടാനാണല്ലോ ഇഷ്ടം.”

“അതെയതെ പിള്ളേർക്കെല്ലാം ഉപ്പാടെ പേരിലറിയപ്പെടാനാ ഇഷ്ടം. സഖാവിനു പഞ്ചാര വേണ്ടല്ലോ.” ഞങ്ങൾക്കെല്ലാം ചായയുമായി ഉമ്മ കടന്നുവന്നു.

പി.കെ.കുഞ്ഞുമുഹമ്മദ് സഖാവിനു നാലു മക്കൾ. നെജ്മ, ഷൈലജ, ജിജി, റെജീന എന്നീ നാലു പെൺമക്കൾ. ബീഡിത്തൊഴിലാളിയും യൂണിയൻ പ്രവർത്തനവുമായി പാർട്ടി ജീവിതം ആരംഭിച്ചു. പാർട്ടി സെക്രട്ടറി, നിരവധി തൊഴിലാളി സംഘടനകളുടെ നേതാവ്, പാർട്ടി ജില്ലാകമ്മിറ്റി അംഗം എന്നീ ചുമതലകൾ നിർവ്വഹിച്ച് ഉയർന്നുവന്ന പികെയ്ക്ക് കഷ്ടപ്പാടിനും ദുരിതങ്ങൾക്കുമിടയിൽ മക്കൾക്ക് അത്യാവശ്യം വിദ്യാഭ്യാസം നൽകാനേ കഴിഞ്ഞുള്ളൂ. നാലു മക്കളും വിവാഹിതരായി. അവർക്ക് കുട്ടികളായി. കുടുംബമായി.

പള്ളിയും പുരോഹിതരും മതമേധാവികളും യാഥാസ്ഥിതിക ചിന്തകളും കടുത്ത കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ മേലാപ്പുമായി നിലകൊണ്ട മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിനിടയിൽ നിന്നും എല്ലാം മറന്നും എല്ലാം വലിച്ചെറിഞ്ഞും കമ്മ്യൂണിസ്റ്റായ സ.പി.കെ.കുഞ്ഞുമുഹമ്മദ് അനവധി കാര്യങ്ങളിൽ പുതിയ തലമുറയ്ക്ക് മാതൃകയാണ്.

ജനങ്ങൾ പാർട്ടിക്ക് തരുന്ന ഓരോ ചില്ലിക്കാശും നല്ലതുപോലെ പിടിച്ചേ ചെലവാക്കാവൂ. ഏതു പരിപാടി കഴിഞ്ഞാലും കടമാണെങ്കിലും മിച്ചമുണ്ടെങ്കിലും കൃത്യമായ കണക്ക് പാർട്ടികമ്മിറ്റിയിൽ വയ്ക്കണം. ഒറ്റയ്ക്കല്ല പ്രവർത്തനം. നമ്മളൊരുമിച്ചാ. അപ്പോ എന്തു കാര്യാവട്ടെ മറയില്ലാതെ സഖാക്കളറിഞ്ഞുപോണം. ഞാനും കൂടി പങ്കെടുത്ത ഒരു പാർട്ടിക്കമ്മിറ്റിയിൽ പികെ സഖാക്കളോട് തറപ്പിച്ചു പറഞ്ഞ കാര്യമാണത്. പറയുക മാത്രമല്ല ഏതെല്ലാം ചുമതല ഏറ്റിട്ടുണ്ടോ അവിടെയെല്ലാം ഈ കണിശത പാലിച്ചിട്ടുണ്ട്. 

പ്രായക്കൂടുതലും അനാരോഗ്യവും കാരണം എല്ലാ ചുമതലകളിൽ നിന്നുമൊഴിവായി. ഇപ്പോൾ കോതമംഗലം പാർട്ടി ഏരിയാകമ്മിറ്റി അംഗമായി നിലനിൽക്കുന്നു.

“കാലിനു നീരും വേദനയുമുള്ളപ്പോൾ എസി യോഗങ്ങൾക്ക് പോകാൻ പറ്റ്വോ? അത്യാവശ്യം പോകേണ്ടതിനു മാത്രം പോയാ പോരേ?” ഞാൻ ചോദിച്ചു. എത്ര കാതം ഓടിയിട്ടും തലയെടുപ്പോടെ കുതിയ്ക്കുന്ന പടക്കുതിരെയേപ്പോലെ അദ്ദേഹം എന്നെ നോക്കി ചിരിച്ചു.

“ഞാനൊ? മരിക്കുന്നത് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചോണ്ടാവണെന്നാ ചിന്ത. പറ്റൂങ്കി കയ്യിലൊരു ചെങ്കൊടീണ്ടാവണം.” നിശ്ചയദാർഢ്യത്തോടെയുള്ള ചിരി. എൺപത്തിനാലു കഴിഞ്ഞിട്ടും ശബ്ദത്തിനു യാതൊരു ക്ഷീണവുമില്ല.

പത്രമാധ്യമങ്ങളും കുത്തകവർഗ്ഗത്തിന്റെ കുഴലൂത്തുകാരും എത്രയെത്ര അധിക്ഷേപങ്ങളും അപമാനവും ചൊരിഞ്ഞിട്ടും നെഞ്ചിൽ ആഞ്ഞു പതിഞ്ഞ പാർട്ടിവിശ്വാസത്തിന് അറുപതാണ്ടുകൾക്കിടയിലൊരിക്കലും പതറലുണ്ടാക്കാനായിട്ടില്ല.

പ്രായത്തെ വെല്ലുന്നതാ നിശ്ചയദാർഢ്യവും പാർട്ടിയെക്കുറിച്ചുള്ള ആശയവ്യക്തതയുമാണ്.

പികെയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ കൂടെയുള്ള ചെറുപ്പക്കാരുടെ മുഖത്തേക്കു ഞാൻ നോക്കി.

ആ കൂടിക്കാഴ്ച വല്ലാത്തൊരു ആത്മവിശ്വാസവും സന്തോഷവും അവരിലുണ്ടാക്കിയെന്നത് വളരെ പ്രകടമായിരുന്നു. കസേരയിലിരുന്നു കൊണ്ടു തന്നെ പികെ കൈവീശി ഞങ്ങളെ യാത്രയാക്കി. വാതിൽപ്പടിയോളം ഉമ്മയും മക്കളും ഞങ്ങളുടെ പിന്നാലെ വന്നു.

“എന്നാ ശരി വീണ്ടും വരാം”. ഞങ്ങൾ യാത്രയായി