കണ്ണീരാറ്റിലെ തോണി

രാജേഷ് ജോലിയിലിരിക്കെ മരിച്ചുപോയ അച്ഛനു പകരം 'ഡൈയിംഗ് എൻ ഹാർനസ്സിൽ' ജോലി കിട്ടാൻ വേണ്ടിയുള്ള നടപ്പാണ്. സെക്രട്ടറിയേറ്റിലെ പല മുറികളിലും കയറിയിറങ്ങി മടുത്തു. സങ്കടവും ദേഷ്യവും പരിഭവവും എല്ലാം കൂടി ചാലിച്ചുചേർത്ത മുഖഭാവം. ഇതെങ്ങാൻ നടക്കാതെ വന്നാലെന്തുചെയ്യും ദൈവമേ! അച്ഛന്റെ മരണം കഴിഞ്ഞ് കർമ്മങ്ങളെല്ലാം തീർന്നു എട്ടാംദിവസം ഒരു സ്‌ട്രോക്കുവന്ന് അമ്മ കിടപ്പിലായി. ആകെക്കൂടി എട്ടുസെന്റ് സ്ഥലം. അതിന്റെ പടിഞ്ഞാറെ മൂലയ്ക്ക് കാറ്റുവീഴ്ച മൂലം കായ്ക്കാതെ നിൽക്കുന്ന രണ്ട്, തെങ്ങ്, അടുക്കളഭാഗത്ത് മൂന്നുവാഴ. അച്ഛനുള്ളപ്പോൾ മൂത്തപെങ്ങളെ കെട്ടിയച്ചത് ഭാഗ്യം. ഡിഗ്രിക്ക് പഠിയ്ക്കുന്ന തന്റെ താഴെയുള്ളവൾക്കും നിഴൽപോലെ സദാ കൂടെയുള്ള മുത്തശ്ശിക്കും കിടപ്പിലായ പെറ്റമ്മയ്ക്കും താനല്ലാതെ ആരുണ്ട്. ?

ഇതുവരെ സമർപ്പിച്ച അപേക്ഷകളുടെ പകർപ്പും സർക്കാരിൽ നിന്നുകിട്ടിയ കടലാസുകളും എല്ലാം മുത്തശ്ശി മുറുകെപ്പിടിച്ചിട്ടുള്ള തുണിസഞ്ചിയിലുണ്ട്. വീടിനടുത്തുള്ള പലചരക്കുകടക്കാരൻ പൗലോസ് ചേട്ടൻ മുത്തശ്ശിക്കുകൊടുത്ത സഞ്ചിയാണത്. കായം പൊതിഞ്ഞു വരുന്ന സഞ്ചി തിരുവനന്തപുരത്തു വന്നിട്ടു രണ്ടുദിവസമായി. മെഡിക്കൽ കോളേജിനടുത്ത് കന്യാസ്ത്രീകൾ നടത്തുന്ന രോഗികൾക്കുവേണ്ടിയുള്ള ഒരു ചെറിയ ലോഡ്ജുണ്ട്. കിടപ്പും കഞ്ഞിയും സൗജന്യമായി കിട്ടും. പാവങ്ങൾക്കായുള്ള ഈ അഭയകേന്ദ്രത്തെ 'ലോഡ്ജ്' എന്നുവിളിക്കാമോ? എന്തുവിളിച്ചാലും കർത്താവിന്റെ മണവാട്ടികൾ മുത്തശ്ശിയുടെ സങ്കടം കേട്ട് മനസ്സലിഞ്ഞ് അവിടെ ഇടം നൽകി. ഇന്നെങ്കിലും തിരികെ പോണം. എത്ര രാത്രിയായാലും വീടെത്തണം. എംഎൽഎ ഹോസ്റ്റലിന്റെ വരാന്തയിൽ നിന്നും പുറത്തേക്ക് നോക്കി ചിന്തിച്ചാ ചെറുപ്പക്കാരൻ നിൽക്കുകയായിരുന്നു. അർഹതപ്പെട്ട ജോലിക്കായി ഒന്നരവർഷമായി സഹിക്കേണ്ടിവന്ന പരിഹാസവും ശകാരവും കഠിനവിശപ്പും പേറി നടന്നുതീർത്ത വഴികളെക്കുറിച്ചാലോചിച്ചയാൾ പരിസരം മറന്നു നിന്നുപോയി. 

"വന്നിട്ടൊരുപാടു നേരമായോ? വരൂ! അകത്തേക്കിരിക്കാം. വർഗീസ് വിളിച്ചിരുന്നു. നിങ്ങളെക്കുറിച്ചെല്ലാം പറഞ്ഞു. വിഷമിക്കേണ്ട. നമുക്ക് നോക്കാം."
രാജേഷ് നടുങ്ങിപ്പോയി. തിരിഞ്ഞു നോക്കുമ്പോഴാണ് എംഎൽഎയെ കാണുന്നത്. ആദ്യമായി കാണുകയാണ് എംഎൽഎയുടെ നാട്ടിലല്ല ഞാൻ താമസിക്കുന്നത്.

മുറിതുറന്ന് അകത്ത് കസേരയിൽ അദ്ദേഹമിരുന്നു. മുത്തശ്ശിയെയും എന്നേയും മാറിമാറി നോക്കി. "ഇന്ന് നിയമസഭ കുറച്ചുനീണ്ടുപോയി. നിങ്ങളു വല്ലതും കഴിച്ചോ. കാനറീനിൽ വിളിച്ചുപറയണം. എന്താ വേണ്ടത് ഇരിയ്ക്ക്! അവിടെയിരിക്ക്, ഞാനും കഴിച്ചിട്ടില്ല."

ഞങ്ങളൊന്നും കഴിച്ചിരുന്നില്ല. എന്നിട്ടും ഉറപ്പിച്ചുപറഞ്ഞു. കഴിച്ചതാണ്. "ഒന്നുംവേണ്ട. സാറു കഴിക്ക്." മുത്തശ്ശി പറഞ്ഞത് വിശ്വസിച്ചോ ആവോ എന്താ വിഷയം കാണട്ടെ അദ്ദേഹം എന്റെ നേരെ കൈനീട്ടി. കടലാസുകളെല്ലാം ക്ഷമാപൂർവ്വം നോക്കി.

"എപ്പോഴാ വണ്ടി?"

"നാലുപത്തിന്"

"ഹോ! വന്നിട്ടു 2 ദിവസം കഴിഞ്ഞന്നല്ലെ പറഞ്ഞത്.! എന്നിട്ട് ഇന്നു രാവിലെയാണല്ലോ വർഗീസ് എന്നെ വിളിച്ചത് എന്തുപറ്റി?"

"ആദ്യദിവസം ചെന്നപ്പോൾ സെക്ഷനിലെ മാഡം അവധിയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് നാലുവരെ അവിടെനിന്നു. മുത്തശ്ശിയോടവർ തട്ടിക്കേറി. ഒരു അർജന്റ് ഫയലിൽ നിന്നു കണ്ണെടുക്കാതെ വായിക്കുകയായിരുന്നു. സ്‌കൂൾ വിട്ട് മാഡത്തിന്റെ കുട്ടി വന്ന് മമ്മീന്ന് വിളിക്കുമ്പോഴാ ഫയൽ താഴത്ത് വച്ചത്. പിന്നെ അവർ വാച്ചിൽ നോക്കി . കൊടയുമെടുത്ത് കുട്ട്യേം കൂട്ടി പോയി. ഞങ്ങൾ കെഞ്ചിനോക്കി. ഞങ്ങളുടെ ഫയലിന്റെ സ്ഥിതിയൊന്നു പറയാൻ. അവർ ഒച്ചവച്ചു ഒത്തിരി വഴക്കും പറഞ്ഞു. വേറെ ഗതിയില്ലാതെ വന്നപ്പഴാ സാറെ ബൂത്തീപോയി വർഗീസ് സാറിനെ വിളിച്ചു സങ്കടം പറഞ്ഞത്. ഞങ്ങടെ വീടിനടുത്തുള്ള പാർട്ടിക്കാരനാ വർഗീസ് സാർ"

ഞാൻ പറഞ്ഞു പൂർത്തിയാക്കും മുമ്പെ മുറിപൂട്ടി ഞങ്ങളെയും കൂട്ടി എംഎൽഎ പുറത്തേക്കിറങ്ങി. "വാ, നമുക്കൊന്നുപോയി നോക്കാം. ഞാനും വരാം." എനിക്കത്ഭുതം തോന്നി. ഞങ്ങളുടെ കൂടെ വരാനോ !
ഒരു ആട്ടോറിക്ഷയിൽ ഞങ്ങളൊരുമിച്ചു കയറി.
"സർക്കാർ ജിവനക്കാർ എല്ലാവരും ഒരു പോലെയാണെന്നു കരുതരുത്.
നൂറാളെ എടുത്താൽ ഒന്നോ രണ്ടോ പേർ ഇതുപോലെ കണ്ടേക്കാം.
രാത്രിപോലും ഈ സെക്രട്ടറിയേറ്റിലിരുന്ന് ജോലിപൂർത്തിയാക്കുന്ന എത്രയോ പേരുണ്ട്"
അവശത പേറുന്ന മുത്തശ്ശിക്കൊപ്പം മെല്ലെ മെല്ലെ പടികേറി ഞങ്ങൾ മാഡത്തിന്റെ മുമ്പിലെത്തി.

ഇന്നലത്തേപോലെ വളരെ ഗൗരവത്തിലാണവർ. അതേ ഫയൽ തന്നെയാണു നോക്കിക്കൊണ്ടിരിക്കുന്നത്. ഫയലിന്റെ റാപ്പറും കെട്ടുവള്ളിയും ഞാന്നുകിടക്കുന്നതിനിടയിലൂടെ വായിക്കാം. 'വെരി അർജന്റ്' ഞങ്ങൾ മൂന്നുപേർ മുന്നിൽ നിന്നിട്ടും അവർ കണ്ടുമട്ടു കാണിച്ചില്ല. മേശയ്ക്കടുത്തു ഒരു സ്റ്റൂളിൽ ആറേഴു ഫയലുകൾ. എംഎൽഎ ഫയലുകൾ എടുത്ത് മേശപ്പുറത്ത് വച്ചു. സ്റ്റൂൾ വലിച്ചിട്ട് അതിലിരുന്നു

പെട്ടെന്നൊരു ഷോക്കേറ്റതുപോലെ അവർ എംഎൽഎയെ രൂക്ഷമായി നോക്കി.
"ആരാ നിങ്ങൾ എന്തുവേണം മനുഷ്യനായാൽ ഒരു മര്യാദയൊക്കെ വേണം."
അവർക്കാളെ മനസ്സിലായിട്ടില്ല. എത്രയോ ജനപ്രതിനിധികൾ അതുവഴി പോകുന്നു. ആരോർക്കാൻ! അല്ലെങ്കിൽ തന്നെ തുടക്കക്കാരനായ ഒരു ജനപ്രതിനിധിയെ എങ്ങനെ ഓർത്തെടുക്കും. വരയൻ ഷർട്ടിട്ട ഒരാളെ തിരിച്ചറിയണമെന്നില്ലല്ലോ. അലക്കിത്തേച്ച് വടി പോലത്തെ വെള്ളഷർട്ടും മുണ്ടുമൊക്കെ മിക്കവാറും പേർ ധരിക്കുന്നത് ഇതുകൊണ്ടൊക്കെയാവാം.

എംഎൽഎ ശാന്തമായി വിഷയം അവതരിപ്പിച്ച് താനാരാണെന്ന് സ്വയം പരിചയപ്പെടുത്തി. അവരുടെ രീതിയേ മാറി. അവർ കൈകൂപ്പി." ക്ഷമിക്കണം സർ അറിയാതെ പറ്റിപ്പോയതാ. എനിക്കാളെ മനസ്സിലായില്ല."

അദ്ദേഹത്തിനതൊന്നും ഒരു വിഷയമായിരുന്നില്ല. ഫയലിന്റെ സ്ഥിതി അറിയാനായിരുന്നു താല്പര്യം.

മാഡം രണ്ടുമൂന്നു ഫയലുകൾ പരതി നോക്കി. ഒടുവിൽ ടൈപ്പ് ചെയ്ത ഒരു കടലാസെടുത്തു. അവർ പറഞ്ഞു. സർ ഉത്തരവിന്റെ ഡ്രാഫ്റ്റാണിത്. "ഫൈനൽ കോപ്പി എടുത്ത് ഒപ്പിടുവിച്ച് തപാലിലയക്കേണ്ട പ്രശ്‌നമേയുള്ളൂ. കക്ഷിക്കു കയ്യിൽ കൊടുക്കാനാവില്ല. ഒരാഴ്ച ഞാൻ ലീവിലായിരുന്നു. അതാ സാർ താമസിച്ചത്. നാളെ ഉച്ചക്ക് മുമ്പെ ഞാനിത് അയച്ചോളാം."

അവർ ഗൗരവമായി വായിച്ചുകൊണ്ടിരുന്ന ഫയൽ അലസമായി മേശപ്പുറത്തേയ്ക്കിട്ടിരുന്നു. എംഎൽഎ ഫയലിനകത്തിരുന്ന വാരിക നോക്കി പുഞ്ചിരിച്ചു. ഒപ്പം ഞാനും നോക്കി. 'കണ്ണീരാറ്റിലെ തോണി.' മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചുവന്ന ജനപ്രിയനോവലിന്റെ ആ ലക്കം 'വെരി അർജന്റായി' ഫയലിൽ കയറിക്കൂടിയതാണ്.

ഇന്നലെയെങ്കിലും ആ ഫയലൊന്നു നോക്കിയിരുന്നെങ്കിൽ, ഇന്നറിഞ്ഞ കാര്യം ഇന്നലെ എങ്കിലും അറിഞ്ഞിരുന്നെങ്കിൽ, ഉള്ളിലെ വേദനയും ഇറ്റുവീണ കണ്ണീർതുള്ളിയും ഇന്നലെ തന്നെ കെട്ടടങ്ങിയേനെ. മുത്തശ്ശി എന്നെ നോക്കി വളരെ നാളെത്തി കണ്ണുതുളുമ്പാതെ പുഞ്ചിരിച്ചു. ഞങ്ങൾ രണ്ടാളും എംഎൽഎയെ നോക്കി നന്ദിപുരണ്ടൊരു മന്ദഹാസം സമ്മാനിച്ചു. ഞങ്ങൾ മൂന്നുപേരും സന്തോഷത്തോടെ സൂക്ഷ്മതയോടെ സെക്രട്ടറിയേറ്റിന്റെ പടികളിറങ്ങി. ശംഖുമുഖം കടപ്പുറം ലക്ഷ്യമാക്കി വേഗത്തിൽ കടന്നുപോയ അസ്തമനസൂര്യനൊപ്പം പരിസരത്തെ പൊള്ളിച്ച അന്തിവെയിലും പാഞ്ഞുപോകുന്നത് നോക്കി ഞങ്ങൾ മെല്ലെ മെല്ലെ നടന്നുനീങ്ങി.