- കർക്കിടകത്തിന്റെ കണ്ണുനീർ -

എന്തോ നിശ്ചയിച്ചുറച്ചതു പോലെ അമ്മ വീടിനു പുറത്തേയ്ക്കിറങ്ങി.

ഇടവപ്പാതി കഴിഞ്ഞ് മിഥുനം കടന്നുവരുമ്പോഴെങ്കിലും മഴയുടെ ശക്തി കുറയുമെന്നോർത്തു. ചില ദിവസങ്ങളിൽ പനിനീർ തളിയ്ക്കുമ്പോലെ എല്ലാവരുടെയും ദേഹത്ത് അല്പ സ്വല്പം തുള്ളികൾ വീഴിച്ച് മിഥുനം കുസൃതികാട്ടും. തൊട്ടടുത്ത ദിവസം തോരാതെ പെയ്യും.

മിഥുനത്തിന് കഴിയാത്തത് കാട്ടിത്തരാമെന്ന ഭാവത്തിൽ കർക്കിടകം കടന്നുവന്നു. അതൊരു വല്ലാത്ത വരവായിരുന്നു. ഒറ്റ ദിവസം പോലും മഴ തോർന്നിട്ടില്ല.
എടവൂർ കാവിനോടു ചേർന്നൊഴുകുന്ന കൈത്തോട് മെത്തി ഒരു കുട്ടിപ്പുഴ പോലെ ചാലിട്ടൊഴുകി. ആനിക്കാട്ടെ ചിറയിലെ ആനയുടെ വലിപ്പമുണ്ടായിരുന്ന ഊന്നാംകല്ലും വെള്ളത്തിനടിയിലായി. മഴ ! മഴ !! സർവ്വത്ര മഴ !!!

മഴ തീർന്ന് വെള്ളക്കിട്ടിറങ്ങി; തോർച്ച കാണും വരെ ഞങ്ങളുടെ സ്‌കൂളിനവധിയായി.

പാണലിന്റെ വടിയുമായി സ്‌കൂളും പരിസരവും സദാ കറങ്ങുന്ന ഹെഡ്മാസ്റ്റർ എന്നെക്കണ്ടാൽ ഒരടി ഉറപ്പായും തരുമായിരുന്നു.

ഞങ്ങളുടെ അഞ്ചാം ക്ലാസ്സിൽ അടി കിട്ടാത്ത ഒരേ ഒരു കുട്ടിയേ ഉണ്ടായിരുന്നുള്ളൂ. ആനിക്കാട്ടില്ലത്തെ സുലോചനക്കുട്ടി അന്തർജ്ജനം മാത്രം.

ഹെഡ്മാസ്റ്റർ സ്‌കൂളിനവധി പ്രഖ്യാപിച്ചപ്പോൾ സാറിനോടുണ്ടായിരുന്ന ദേഷ്യം ആ നിമിഷം പമ്പകടന്നു.

എന്റെ രണ്ടു ചേച്ചിമാരുടെയും സ്‌കൂളിനവധിയായി. എന്റെ താഴെയുള്ള മൂന്നു അനിയത്തിമാരും ഞാനും അങ്ങനെ ഞങ്ങൾ ആറുപേർ വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി.

വല്ല്യേട്ടൻ ഒരു വർക്കുഷോപ്പിൽ പോയി വണ്ടിപ്പണി പഠിയ്ക്കുകയാണ്. കൊച്ചേട്ടൻ തയ്യൽ പഠിയ്ക്കാൻ പോയിത്തുടങ്ങിയതേയുള്ളൂ. അച്ഛൻ ഏതോ കരാറുകാരന്റെ കൂടെ കരിങ്കല്ലുപണിയ്ക്കു പോയിട്ട് രണ്ടുമാസം കഴിഞ്ഞു. ഒരു പൈസ പോലും വീട്ടിലേയ്ക്ക് അയച്ചിട്ടില്ല. ആകെ വന്നത് അമ്മയ്ക്കു ഒരു പോസ്റ്റുകാർഡു മാത്രം.

വീട് കെട്ടിമേഞ്ഞിരിക്കുന്ന പനയോലയുടെ മേൽ മഴ വന്നുവീഴുമ്പോൾ ചരലുവാരിയെറിയുമ്പോലെ ഒരു ശബ്ദം.

അവിടവിടെയായി ചോരുന്നുണ്ടായിരുന്നു. അവിടെയെല്ലാം ഉണങ്ങിയ കവുങ്ങിന്റെ പാളക്കഷണം തിരുകിവച്ചു. ഞാനാണു അതു ചെയ്തത്. പക്ഷേ ഞാൻ മാത്രമല്ല എല്ലാവരും ചേർന്ന്.

പഴക്കം ചെന്ന കൊച്ചുമേശപ്പുറത്ത് അമ്മ കയറി നിന്നു. പതിനൊന്നു വയസ്സുണ്ടായിരുന്നെങ്കിലും ഉണക്കച്ചുള്ളി പോലെയിരുന്ന എന്നെ അരയ്ക്കുമുറുക്കിപ്പിടിച്ച് പൊക്കിപ്പിടിച്ചു. മേശ മറിയാതെ പെങ്ങന്മാർ അഞ്ചുപേരും ഇറുക്കിപ്പിടിച്ചു. അങ്ങനെയാണ് പാളക്കഷണം തിരുകിയത്‌. ഒരു മഹാകാര്യം ചെയ്തതു പോലെ എല്ലാവരുടെയും മുഖങ്ങളിലേക്ക് മാറിമാറി അന്നു ഞാൻ നോക്കി.

"നിയ്ക്ക് വെശ്ക്ക്ണു" ഏറ്റവും ഇളയവളായ അഞ്ചുവയസ്സുകാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

രാവിലെ ഒന്നുമുണ്ടായിരുന്നില്ല. അമ്മ കട്ടൻചായ ഉണ്ടാക്കി ഓരോ കഷണം അച്ചോലുണ്ടയും തന്നു. വേറൊന്നുമുണ്ടായിരുന്നില്ല.

ഇന്നലെ രാത്രി എല്ലാവരും സന്തോഷത്തിലായിരുന്നു. ഗോതമ്പ് പൊടി കലക്കി, ചുവന്നുള്ളി അരിഞ്ഞിട്ട് അമ്മ അപ്പം ചുട്ടു. എല്ലാവർക്കും ഓരോ തടിയൻ അപ്പം കിട്ടി.

"അമ്മ ഇപ്പെ വരും പൊന്നെ ! കരയണ്ടാട്ടോ " 

മൂത്ത ചേച്ചി ഇളയവളെ ചേർത്തുപിടിച്ചു.

പറഞ്ഞു തീർന്നില്ല. അമ്മ കേറി വന്നു. ഓല കൊണ്ടുള്ള തൊപ്പിക്കുട ഇറയത്തുചാരി വച്ചു. 

അമ്മ ഞങ്ങളെ മാറിമാറി നോക്കി. അമ്മയുടെ കണ്ണു നിറഞ്ഞു.

"ന്റെ മക്ക്‌ള്‌ വെശന്ന് ചാവൂല്ലോ ദൈവമേ !"

അമ്മ ഞങ്ങളെ ചേർത്തുപിടിച്ചു.

കാശൊ, അരിയോ കടം ചോദിയ്ക്കാൻ അമ്മ പോയതായിരുന്നു. വെട്ടിക്കാട്ടെ വീട്ടിനപ്പുറെയുള്ള വളവിലെ വല്ല്യമ്മാവന്റെ വീട്ടിൽ. വീടടച്ചിട്ട് അവരെല്ലാം കൂടി ആശുപത്രിയിൽ പോയിരിക്കുന്നു. വല്ല്യമ്മായിക്കു സുഖമില്ലാത്തതിനാൽ.

മുണ്ടിന്റെ കോന്തല കൊണ്ട് അമ്മ കണ്ണീരൊപ്പുന്നതു കണ്ടപ്പോൾ ചുറ്റും നിന്ന ഞങ്ങൾ ആറുപേരും കൂട്ടക്കരച്ചിലായി.

മഴയുടെ ശബ്ദം കാരണം കരച്ചിൽ ആരും കേട്ടില്ല.

പിടിപോയ പഴയ ഒരു ചൂരക്കൊട്ടയും തുരുമ്പുതിന്നു തീരാറായ വയസ്സൻ വാക്കത്തിയും അമ്മ തപ്പിയെടുത്തു.

"മോനേ വാടാ" ചാരി വച്ചിരുന്ന തൊപ്പിക്കൊടയെടുത്തു അമ്മ തലയിൽ വച്ച് എന്നെയും കൂട്ടി വീടിനുപുറത്തേയ്ക്കു നടന്നു.

ഈ അമ്മയ്‌ക്കെന്തു പറ്റി ? ഇമ്മാതിരി മഴയത്ത് എങ്ങോട്ടാണ് പോകുന്നത് ? അമ്മ ഒന്നും മിണ്ടുന്നില്ലല്ലോ. എന്റെ ഉള്ളുനിറയെ സംശയങ്ങളായി. വേലുനായരുടെ ചായപ്പീടിക കഴിഞ്ഞ് സൊസൈറ്റിപ്പടിയും കടന്ന് ഏനാനല്ലൂർ വഴിയ്ക്കാണു പോകുന്നത്. ചെമ്മണ്ണു നിറഞ്ഞ റോഡിലൂടെ കാളവണ്ടി പോയതിന്റെ അടയാളങ്ങൾ. ഇരുമ്പുപട്ട ചുറ്റിയ വലിയ വളയം പോലുള്ള ചക്രങ്ങൾ വഴിയെ രണ്ടായി പകത്തുവച്ചിരിക്കുന്നു. മഴവെള്ളമൊഴുകി പലയിടങ്ങളിലായി പാടുകൾ മാഞ്ഞുതുടങ്ങിയിരുന്നു.

കാളകളുടെ കുളമ്പടയാളങ്ങൾ ഒന്നും കാണുന്നില്ല. ലാടം തറച്ച കാലുകളൂന്നി ലോഡും താങ്ങിപോകുന്ന അവറ്റകൾക്കു വേദനയുണ്ടാവില്ലെ. ! വിശപ്പുണ്ടാവില്ലെ !

ഏനാനെല്ലൂർ റോഡിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞപ്പോൾ തന്നെ എനിയ്ക്കു മനസ്സിലായി. വല്ല്യമ്മാവന്റെ മലയിലേയ്ക്കാണെന്ന്. വല്ല്യമ്മാവൻ ഞങ്ങളെപ്പോലെയല്ല. മൂന്ന് ആൺമക്കളും ഭാര്യയുമടങ്ങുന്ന സംതൃപ്തമായ കുടുംബജീവിതം അമ്മാവൻ മരിച്ചതിനു ശേഷം എല്ലാകാര്യങ്ങൾക്കും ഓടി നടക്കുന്നത് ഇളയമകൻ ചിദംബരൻ ചേട്ടനാണ്. എല്ലാവരും വിളിയ്ക്കുന്നത് "ചീമ്പരാ"ന്നാണ്. ചെറുവട്ടൂർക്കാരിയായ അമ്മായി ഹൃദയാലുവായ സ്ത്രീയായിരുന്നു.

കാട്ടുകല്ലുകൾ പെറുക്കി അടുക്കടുക്കായി വച്ചുകെട്ടിയ കോട്ടപോലുള്ള കയ്യാല. കറുകപ്പുല്ലു പടർന്നും പുല്ലാന്തി തലപ്പുകൾ തലനീട്ടിയാടിയും കയ്യാല ആകെ പ്രത്യേകമായ ചന്തത്തിലാണ്.

പറമ്പിലേയ്ക്ക് കയറാൻ കുത്തുകല്ലുകൾ പാകിയിട്ടുണ്ട്. മഴ വിശ്രമമില്ലാതെ പെയ്യുകയാണ്.
അമ്മ തൊപ്പിക്കൊടയൂരി എന്റെ തലയിൽ പിടിപ്പിച്ചു. ഒഴുകാലെ നനഞ്ഞ് അമ്മ കുത്തുകല്ലുകൾ കയറി. പിന്നാലെ ഞാനും.

പറമ്പിലേയ്ക്കു കയറി ചെല്ലുന്നിടത്തെ നാട്ടുമാവ് പരിചിതഭാവത്തിൽ വല്ലാതെ തലയാട്ടി. അതിന്റെ ചുറ്റുപാടുമാകെ കപ്പയിട്ടിരിക്കുകയാണ്. വാരംമാടി കപ്പയിട്ടത് മുഴുവൻ അമ്മയും കൊച്ചേട്ടനും ചേർന്നാണ്. അന്ന് അവർക്കു കുടിയ്ക്കാനായി വലിയ ചോറ്റുപാത്രത്തിൽ ഇളംചൂടുള്ള കഞ്ഞിവെള്ളവുമായി ഞാനും ചേച്ചിയും കൂടി പല ദിവസങ്ങൾ വന്നിരുന്നു. പങ്കുകൃഷിയാണ്. പാതി 'ചീമ്പരൻ' ചേട്ടനും പാതി ഞങ്ങൾക്കും. മണ്ണ് അവരുടേത് അദ്ധ്വാനം ഞങ്ങളുടേത്.

"മൂത്തു വരുന്നതേയുള്ളൂ പത്തു ദെവസം കൂടി കഴിഞ്ഞാ പറിയ്ക്കാം." ആരോടെന്നില്ലാതെ അമ്മ പറഞ്ഞു.

അമ്മ കപ്പച്ചോട്ടിൽ കുനിഞ്ഞിരുന്ന് ഓരോ ചുവടും വാക്കത്തിയുടെ തലപ്പുകൊണ്ട് മാന്തി

"ചീമ്പരനെങ്ങാൻ വന്നണ്ടോന്നു നോക്കിക്കോ മോനേ"

അമ്മ ഇടംവലം ദൂരേയ്ക്ക് കണ്ണുകൾ പായിച്ചു.

മഴയിൽ കുളിച്ച് പാവം എന്റെയമ്മ എട്ടുപത്തു ചുവടുകളിൽ നിന്നായി ഓരോ കിഴങ്ങ് പൊട്ടിച്ചെടുത്ത് മാന്തിയ മണ്ണ് അതേപടി മൂടിപൊത്തി.

മാന്തിയെടുത്ത കിഴങ്ങെല്ലാം ആ പഴയ ചൂരകൊട്ടയിലാക്കി അമ്മ മെല്ലെ നടന്ന് ആ മാവിന്റെ ചോട്ടിലേയ്ക്കു മാറി നിന്നു.

അവിടന്ന് കിഴക്കോട്ടു നോക്കിയാൽ തിരുവംപ്ലാവിൽ ക്ഷേത്രം ഒരു വിളിപ്പാടകലെയായി കാണാം

ചൂരക്കൊട്ടയും വാക്കത്തിയും താഴെ വച്ച് എന്നെ ചേർത്തുനിർത്തി ക്ഷേത്രത്തിലേയ്ക്കു നോക്കി അമ്മ തൊഴുകയ്യോടെ നിന്നു

എന്തെന്നില്ലാത്ത വാശിയോടെ മഴ തിമിർത്തുപെയ്യുകയാണ്.

ആപാദചൂഡം നനഞ്ഞൊലിയ്ക്കുന്ന അമ്മ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

"ന്റെ തിരുവുംപ്ലാവിത്തേവരേ, ന്നോടു പൊറുക്കണെ ന്റെ മക്കളു വെശന്നു ചാവാതിരിയ്ക്കാൻ ചെയ്തതാണെ"

തൊപ്പിക്കൊട താഴേയ്‌ക്കെറിഞ്ഞ് അമ്മയുടെ അരയ്ക്കു ചുറ്റിപ്പിടിച്ച് ഞാനും വാവിട്ടു കരഞ്ഞു. ഞങ്ങളുടെ കണ്ണുനീരും മഴനീർ തുള്ളികളും ഒരുമിച്ചൊന്നായി.

"വേണ്ട മോനേ അമ്മ ഭഗവാനോടു മാപ്പു ചോദിച്ചതല്ലെ ന്റെ മോനെന്തിനാടാ കരേണത്‌? ബാ ! മ്മക്ക് പോകാം"

ഞങ്ങൾ കപ്പയുമായി മലയിറങ്ങി. മഴ തോർന്നിരുന്നില്ല.

വിശന്നു വലഞ്ഞു ഉമിനീരു പോലും വറ്റിത്തുടങ്ങിയിരുന്നു. വീട്ടിലേയ്ക്കല്ല അമ്മ നടന്നത്.
നേരെ വല്ല്യമ്മാവന്റെ വീട്ടിലേയ്ക്ക്.

ഗേറ്റിനു മുന്നിലെത്തി.

അമ്മ നീട്ടിവിളിച്ചു "നാത്തൂനെ"

അകത്തുനിന്നും വല്ല്യമ്മായി വിളികേട്ടു.

ഇറങ്ങിവന്നത് ചിദംബരൻ ചേട്ടനായിരുന്നു.

"ആശൂത്രീന്ന് എപ്പളാടാ ചീമ്പരാ വന്നത്"

"ദേ വന്നു വാതിലു തൊറന്നതേയൂള്ളൂ, അമ്മയ്‌ക്കൊരു കൊഴപ്പോമില്ലാന്ന് ഡോക്ടറു പറഞ്ഞു. മരുന്നും തന്നു വിട്ടു."

"എന്താ ചേച്ചീ വിശേഷം"

അമ്മ ആദ്യം അന്വേഷിച്ചു വന്നപ്പോൾ ചീമ്പരനേം അമ്മേനേം കാണാൻ കഴിയാത്തതു മുതൽ കപ്പ പറിയ്ക്കാൻ മലയിൽ പോയതുമെല്ലാം ഒരക്ഷരം വിടാതെ പറഞ്ഞു പൂർത്തിയാക്കി.

ചിദംബരൻ ചേട്ടന്റെ അച്ഛന്റെ സ്വന്തം സഹോദരിയാണ് എന്റെ അമ്മയെങ്കിലും ചിദംബരൻ വിളിയ്ക്കുന്നത് ചേച്ചി എന്നാണ്.

"എന്റെ ചേച്ചി. അതു മുഴുവൻ ചേച്ചി പറിച്ചെടുത്തോ."

"ഇവ്‌ടെ അതിന്റെ യാതൊരാവശ്യവുമില്ല."

"ദേ ആ മൂലേൽ കൂട്ടിയിരിക്കുന്നത് ചെറുവട്ടൂർ നിന്നും കൊണ്ടുവന്നതാ."

അപ്പോഴേയ്ക്കും വല്ല്യമ്മായി രണ്ടു തേങ്ങയുമായി ഇറങ്ങി വന്നു.

"ഇന്നാ ഇതും കൂടെ കൊണ്ടുപോ "

"നനയാതെ വേഗം ഈ കൊച്ചിനേം കൊണ്ട് വീട്ടിപ്പോ."

തേങ്ങയും വാങ്ങി കൊട്ടയിൽ വച്ച് തിരിഞ്ഞ് ഒറ്റ നടത്തം. പിന്നെയെല്ലാം പക്ഷിപറക്കും പോലെ വേഗത്തിലായിരുന്നു.

വിശപ്പറിഞ്ഞ് വളർന്നാലെ വിശക്കുന്നവനെ തിരിച്ചറിയാനാവൂ എങ്ങിനെയാണ് എന്റെ അമ്മയ്ക്കീ ഗതി വന്നത് ? അച്ഛന്റെ നിവൃത്തി കേടുകൊണ്ടോ ? നല്ല നിലയിൽ ജീവിച്ച മനുഷ്യനായിരുന്നെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്.

ഞാനാ സന്ദർഭങ്ങളിൽ ഓരോന്നും ആലോചിച്ചു തുടങ്ങിയിരുന്നു.

എന്റെ അമ്മയുൾപ്പെടെ പതിനാറു മക്കളായിരുന്നു ഒരു വീട്ടിൽ. അമ്മാവനുൾപ്പെടെ അവരിൽ പലരും നല്ല നിലയിലായി.

എന്റെ ചിന്തകൾ കാടുകയറിത്തുടങ്ങിയപ്പോഴെ അമ്മ വിളിച്ചു.

"മക്കളെ എല്ലാരും എണീറ്റ് കൈ കഴുകി വാ"

ഞങ്ങൾ പറന്നുചെന്ന് നിലത്തു നിരനിരയായി ഇരുന്നു.

കപ്പ നുറുക്കി, തേങ്ങയും പച്ചമുളകും ചേർത്ത് പുഴുങ്ങി വാഴയിലക്കീറുകളിൽ നിരത്തിവച്ച് അമ്മയുമിരുന്നു.

ഞങ്ങളൊരുമിച്ചു കഴിച്ചു.!

വീണ്ടും ! വീണ്ടും !!

വയറു നിറയെ !!!

അമ്മയുടെ മുഖത്ത് സംതൃപ്തിയുടെ നിഴലാട്ടം കണ്ടപ്പോൾ പുറത്ത് മഴ തോർന്ന് ചെറിയൊരു വെയിൽവെട്ടം പരന്നു തുടങ്ങിയിരുന്നു.!