ചെങ്കൊടിയെ മറക്കാത്ത പുതിയ തലമുറ

വളരെക്കാലമായി മനസ്സിലോർക്കുകയായിരുന്നു പഴയകാല സഖാവ് വിആർസിയെ ഒന്നു കാണണം. ഇക്കഴിഞ്ഞ ദിവസം വെളിയന്നൂർ നിന്നും ശശി വിളിച്ച് വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ സൂചിപ്പിച്ചു. വിആർസിക്ക് സുഖമില്ലാതിരിക്ക്വാണ്, പുറത്തേക്കൊന്നും അധികം പോകാറില്ല, പറ്റുമെങ്കി അവിടം വരെ ഒന്നു പോണത് നല്ലതാ.

എന്തായാലും പൊയ്ക്കളയാം.. മനസ്സിലുറപ്പിച്ചു.

വിആർസിയുടെ മുഴുവൻ പേര് വി.ആർ.ചന്ദ്രശേഖരൻ നായർ എന്നതാണ്. പാർട്ടിക്കകത്ത് ഇങ്ങനെ ഒരു പൊതുസിവിൽ കോഡുണ്ട്. മിക്കവാറും ഒരുവിധം അറിയപ്പെടുന്ന നേതാക്കളെയാണ് ഇനിഷ്യൽ കൊണ്ട് സൂചിപ്പിക്കാറുള്ളത്. കമ്മിറ്റികളുടെ സർക്കുലർ തയ്യാറാക്കുമ്പോൾ പരിപാടികൾക്ക് ചുമതലയേറ്റ് ചെയ്യുന്നവരുടെ പേരുകൾ എഴുതി എഴുതി പിന്നീടതു ലോപിച്ച് ഇനീഷ്യലായി മാറും. പാർട്ടി അണികൾക്കെല്ലാമിതെളുപ്പത്തിൽ പിടികിട്ടും.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച സന്ധ്യ കഴിഞ്ഞപ്പോഴാണു ഞാനും പയ്യന്മാരായ രണ്ട് സഖാക്കളും കൂടി പുതുവേലിയിൽ വി.ആർ.സിയുടെ വീട്ടിലെത്തിയത്.

ചുറ്റുമതിലിനു തൊട്ടുരുമ്മി നല്ല പച്ചപ്പൂതൂവി വലുതും ചെറുതുമായ പലവിധ വൃക്ഷങ്ങൾ. തലപ്പുകളെല്ലാം വീടിനു മുകളിലേക്ക് ഞാന്നു കിടന്നു. കടുംപച്ച നിറമാർന്ന വലിയ ഒരു കുട ആ വീടിനെ ചൂടിക്കുമ്പോലെ. മനോഹരമായ ഇരുനില വീട്.

ഗേറ്റു തുറന്നുകിടന്നതിനാൽ ഞങ്ങൾ ചെന്ന കാർ പോർട്ടിക്കോ വരെയെത്തി. അകത്തെ മുറിയിൽ നിന്നും വളരെ സാവധാനം വിആർസി മുൻവശത്തെ സിറ്റൗട്ടിലേക്ക് വന്നു.

“സഖാവ് വന്ന ആ കാർ നിർത്തിയിരിക്കുന്നിടത്തായിരുന്നു പണ്ട് പാർട്ടി ഉണ്ടാക്കിത്തന്ന വീടിരുന്നത്. വിആർസി എന്നോടായി പറഞ്ഞു.”

വെളിയന്നൂരിലെ വന്ദേമാതരം സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു വിആർസി. ഭാര്യ ശാന്ത അംഗനവാടി ടീച്ചറും. മക്കൾ മൂന്നുപേരും കുഞ്ഞുപെൺകുട്ടികൾ. 1980 കാലയളവിൽ ഒരു പ്രത്യേക സാഹചര്യത്തിലാണ് കൂത്താട്ടുകുളത്തെ പാർട്ടി എരിയാകമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുവാൻ പാർട്ടി ജില്ലാകമ്മിറ്റി എന്നെ ചുമതലപ്പെടുത്തിയത്. ആ സമയം മുതലുള്ള ആത്മബന്ധമാണ് എനിക്കാ കുടുംബവുമായിട്ടുള്ളത്. 81 ലാണ് വെളിയന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വിആർസി ചുമതലയേൽക്കുന്നത്. മുമ്പ് കൂത്താട്ടുകുളം എരിയയുടെ കീഴിലായിരുന്ന ഈ ലോക്കൽകമ്മിറ്റി ഇപ്പോൾ പാല എരിയകമ്മിറ്റിയുടെ കീഴിലാണ്. അസംബ്ലി മണ്ഡലം കടുത്തുരുത്തിയും.

കൂലിവേലക്കാരും ദരിദ്രകർഷകരും പ്രമാണിമാരുടെ ആട്ടും തുപ്പും മർദ്ദനവും സഹിച്ചു ജീവിച്ചു വന്ന കുറേ കർഷകത്തൊഴിലാളികളും കോളനിനിവാസികളും ചേർന്ന അവിടത്തെ പാർട്ടിയുടെ അമരക്കാരനായ വിആർസി അവരിലൊരാളായിരുന്നു. സ്വന്തം ജീവിതത്തിലെ കഷ്ടപ്പാടും പലവിധ കടബാദ്ധ്യതകളും മൂന്നു പിഞ്ചുമക്കളുടെ വിദ്യാഭ്യാസവും വാടകവീട്ടിലെ ജീവിതവും - ഇതൊന്നും വിആർസിയെ പാർട്ടിപ്രവർത്തനങ്ങളിൽ നിന്നും ്രപക്ഷോഭസമരങ്ങളിൽ നിന്നും പിന്തിരിപ്പിച്ചില്ല. മാസാമാസം കിട്ടുന്ന തുച്ഛമായ ആ കാലത്തെ വരുമാനം കൊണ്ട് എല്ലാ പ്രയാസങ്ങളും ഉള്ളിലൊതുക്കി ഭർത്താവിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ഭാര്യ ശാന്തയും ഒപ്പം നിന്നു.

രോഗവാസ്ഥയിലാണെങ്കിലും ഇന്നും തനിക്കാവും വിധം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ശശിയാണ് ആദ്യമായി അക്കാര്യം എന്നോട് സൂചിപ്പിച്ചത്. 
നമുക്ക് വി.ആർ.സിയ്‌ക്കൊരു വീടുണ്ടാക്കി കൊടുക്കണം.

നിത്യജീവിതത്തിന്റെ ദുരിതം പേറി വിഷമതകൾ പരസ്പരം പങ്കുവച്ച് കഴിഞ്ഞുപോകുന്ന സാധാരണക്കാരായ പാർട്ടി സഖാക്കളൊന്നടങ്കം ആ വികാരം പങ്കിട്ടു.

ഒട്ടുംവൈകാതെ ഭംഗിയാർന്ന ഒരു കൊച്ചുവീട് പാർട്ടിസഖാക്കളുടെ ഒത്തൊരുമയോടെയുള്ള നിതാന്തപരിശ്രമങ്ങളാൽ പൂർത്തിയാക്കി ഞങ്ങളെല്ലാവരും ചേർന്നത് വിആർസിക്കും കുടുംബത്തിനും കൈമാറി.

അന്നാ കൊച്ചുവീടിന്റെ മുറ്റത്തും ഉള്ളകത്തും പൂമ്പാറ്റകളെപ്പോലെ പാറിനടന്ന് സന്തോഷം കൊണ്ട് തുള്ളിച്ചാടിയ പെൺമക്കൾ മൂന്നുപേരെയും വിആർസി തനിക്കാവും വിധം പഠിപ്പിച്ചു. അവർ വളർന്നു വിലയവരായി. മൂന്നുപേരും വിവാഹിതരായി. അവരുടെ ഭർത്താക്കന്മാർക്കെല്ലാം ഉയർന്ന ജോലിയും തരക്കേടില്ലാത്ത വരുമാനവുമുള്ളവരാണ്. അവർക്കെല്ലാം കുട്ടികളായി.


ശാന്ത ടീച്ചർ കൊണ്ടുവന്നു വച്ച ചായയും കായവറുത്ത ഉപ്പേരിയും പലഹാരങ്ങളും കഴിച്ച് പഴയകാല അനുഭവങ്ങൾ പങ്കിട്ടു.

“അന്നത്തെ പഴയവീടും പതിനഞ്ചു സെന്റ് സ്ഥലവും ഞാൻ രണ്ടാമത്തെ മകൾ സോയക്ക് കൊടുത്തു. അവളുണ്ടാക്കിയ വീടാ ഇത്.” വിആർസി പറഞ്ഞു.

“അവളെവിടെയാ ”

“ഇവിടുണ്ട്. ഒന്നുരണ്ടു സാധനങ്ങൾ വാങ്ങാൻ തൊടുപുഴക്ക് പോയിരിക്കുവാ. സോയേടെ മക്കളാ ഈ നിൽക്കുന്ന രണ്ടും. ”

“കാരമലയിൽ നിന്നും ഒരിക്കൽ കാൽനടജാഥ ആരംഭിച്ചതും അതിന്റെ സമാപനത്തിന് എം.കെ.കൃഷ്ണൻ വന്നു പ്രസംഗിച്ചതും സഖാവോർമ്മിക്കുന്ന്‌ണ്ടോ?”

“പിന്നെ. അതിന്റേം ക്യാപ്റ്റൻ ഞാനായിരുന്നല്ലോ. അത് എത് കൊല്ലമാ വിആർസിക്കോർമ്മയുണ്ടോ?”

“83ല് മുപ്പതുകൊല്ലം കഴിഞ്ഞു. അന്നു ജാഥേടെ ഉച്ചഭക്ഷണം ഓണത്തപ്പന്റെ മനയ്ക്കലായിരുന്നു.” വിആർസി

“അതുമാത്രോ.. എല്ലാ ജാഥേടേം ഉച്ചഭക്ഷണം മനയ്ക്കലായിരുന്നില്ലേ വേറെ എവിടെ ഭക്ഷണം കിട്ടാൻ?”

പാർട്ടിപ്രവർത്തകനായിരുന്ന കെ.ജെ.രാമൻനമ്പൂതിരിയുടെ വിളിപ്പേര് ഓണത്തപ്പനെന്നായിരുന്നു. എല്ലാം വിറ്റുപെറുക്കി പിന്നീട് വെള്ളിനേഴിക്ക് പോയി. മരിച്ചട്ടധികം കാലമായില്ല. പാർട്ടിയെ ദൈവതുല്യനായി മനസ്സിൽ കൊണ്ടുനടന്ന പരമസാത്വികനായിരുന്നു ഓണത്തപ്പൻ.

ഞങ്ങളുടെ പഴമ്പുരാണം ചെവികൂർപ്പിച്ച് ആ രണ്ടു കുസൃതികളും കേൾക്കുന്നുണ്ടായിരുന്നു. മേഘ്‌നയും അനിയൻ മഹേഷും.

“അമ്മ വിളിച്ചു. അമ്മ തൊടുപുഴേന്നു പോന്നു. വന്നിട്ടേ പോകവൊള്ളൂന്ന് പറഞ്ഞിട്ടുണ്ട്.” മേഘ്‌നക്കുട്ടി എന്നെ നോക്കി പറഞ്ഞു.

കുഞ്ഞുമക്കൾക്കോർമ്മിക്കാൻ ഞങ്ങൾക്ക് സ്വന്തമെന്നോർക്കാൻ പുരാവസ്തുപോലെ മുത്തച്ഛനും മുത്തശ്ശിയും മാത്രം. അല്ലാതെന്തോർക്കാൻ. സോയയും എല്ലാം മറന്നു കാണും. അങ്ങനെയെക്കെയാണല്ലോ. അവരെ എന്തിനു കുറ്റപ്പെടുത്തുന്നു. സൗകര്യങ്ങൾ കൂടുന്തോറും ഓരോരുത്തരേയും മറക്കും. പിന്നെ എല്ലാ തകർച്ചയ്ക്കും കഷ്ടപ്പാടിനുമുത്തരവാദി പാർട്ടിയും പാർട്ടിക്കാരുമാവും. ഉള്ളതെല്ലാം തുലച്ചത് പാർട്ടിക്ക്് വേണ്ടി. ഇങ്ങനെയാവും പലരുടെയും ചിന്ത. സോയയും അങ്ങനെയായി മാറിയിട്ടുണ്ടാവുമോ ?

പെട്ടെന്നാണ് സോയ തന്നെ ഡ്രൈവ് ചെയ്തുവന്ന കാർ മുമ്പിൽ വന്നു നിന്നത്.

“കുറച്ചു വൈകിയല്ലേ ? റോഡെല്ലാം തകർന്നു കുണ്ടും കുഴിയുമായി കിടക്കുന്നു. ചായ കുടിച്ചോ ? വന്നിട്ടൊത്തിരി നേരായീല്ലേ?”. പടി ചവിട്ടിക്കയറി പൂമുഖത്തേക്ക് നടന്നു വരുമ്പോഴേ നിറഞ്ഞ ചിരിയോടെ തുരുതുരാ ചോദ്യങ്ങളും വിശേഷങ്ങളുമായി സോയ ഞങ്ങൾക്ക് മുന്നിലേക്ക് വന്നു നിന്നു.

“മൂന്നുപേരുടെ കുറവുണ്ട് സഖാവെ. ഡേവിഡ് രാജനും ഫിലിപ്പ് ജോർജ്ജും ഓണത്തപ്പനും. അതൊരു വലിയ കുറവു തന്നെയാ.” സോയ ഓർമ്മിച്ചത് മൺമറഞ്ഞ മൂന്നു പ്രമുഖ പാർട്ടി നേതാക്കളെക്കുറിച്ചാണ്.

ഇല്ല. ഇത് ഞാനന്നു കണ്ട കുഞ്ഞുസോയ തന്നെ. വന്ന വഴി മറക്കാത്ത സോയ. ചെങ്കൊടിയുടെ തണലിൽ പിച്ചവച്ചു വളർന്ന വിആർസിയുടെ മകൾ. യാത്രചോദിച്ച് ഞങ്ങളിറങ്ങുമ്പോഴേക്കും ചാറൽ മഴ മെല്ലെ നിലച്ചിരുന്നു.