നാഡീസ്പന്ദനം നിശ്ചലമായ നാൽപ്പത്തെട്ടു മണിക്കൂർ

അവിചാരിതമായാണ് ഞാൻ സ.സുരേന്ദ്രന്റെ 1990 ലെ ഡയറിക്കുറിപ്പ് വായിക്കാനിടയായത്. 
(സ.പി.സുരേന്ദ്രൻ നായർ - നാട്യങ്ങളില്ലാത്ത ഒരു പച്ച മനുഷ്യൻ. 70-ൽ പാർട്ടി അംഗമായി. ശരിയെന്നു തനിക്ക് തോന്നുന്ന എതു കാര്യവും ആരുടെ മുഖം കറുത്താലും വേണ്ടില്ല പറയേണ്ട സമയത്ത് പറഞ്ഞിരിക്കും. കൂത്താട്ടുകുളം പാർട്ടി എസി അംഗമായ നമ്മുടെ 'ചുള്ളൻ' സ.സുമിത്തിന്റെ അച്ഛൻ. ഇപ്പോൾ പെരുവംമുഴിയിൽ ഒരു ചെറിയ കട നടത്തുന്നു)

1990 ഒക്‌ടോബർ 17 ബുധനാഴ്ച. സുരേന്ദ്രന്റെ കൈപ്പടയിലെഴുതിയ ഡയറിക്കുറിപ്പ് ഇങ്ങനെയായിരുന്നു.

'തൃശ്ശൂർ ജില്ലയിൽ കാട്ടൂര് ഒരു അലിമുസലിയാരെ ആർഎസ്എസ്സുകാർ പള്ളിയിൽ കയറി കുത്തിക്കൊന്നു. മുസ്ലീം സഹോദരങ്ങളുടെ ഹർത്താൽ. ഓഫീസിലേക്ക് പോയ ഞാൻ പുക്കാട്ടുപടിയിൽ ചെന്ന് തിരിച്ചുപോന്നു. ഈ സംഭവത്തിൽ മട്ടാഞ്ചേരിയിലും മൂവാറ്റുപുഴയിലും മുസ്ലീങ്ങളെ പിരിച്ചുവിടാൻ പോലീസ് വെടിവച്ചു. മട്ടാഞ്ചേരിയിൽ 2 ആൾ മരിച്ചു.'

ഒക്‌ടോബർ 15 തിങ്കളാഴ്ച ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെയായിരുന്നു. 

മൂവാറ്റുപുഴ കലാപങ്ങളോ സംഘർഷങ്ങളോ എറ്റുമുട്ടലുകളോ ഉണ്ടാകാത്ത നാട്. ലക്ഷക്കണക്കായ തന്റെ മക്കൾക്ക് ജീവജലം നൽകി പ്രകൃതിയുടെ അവിഭാജ്യഘടകമായി അവരെ സചേതരാക്കുന്ന പുണ്യനദി. ഒരിക്കലും വാടാതെ, കരിയാതെ പച്ചവിരിച്ചുല്ലസിക്കുന്ന തെങ്ങും കമുകും ചേനയും ചേമ്പും കറുകപ്പുല്ലും കാട്ടുചെടിയും ചെത്തിയും തുളസിയുമെല്ലാമൊത്തു ചേർന്നൊരു ഹരിതാഭ കലർന്ന പട്ടുസാരി പോലെ മൂവാറ്റുപുഴയാറിന്റെ കരയോരങ്ങൾ.

ഇവിടത്തെ ജനങ്ങളും അങ്ങനെ തന്നെയായിരുന്നു. ഒരിക്കലും അകലാത്ത കൃഷീവലമനസ്സിന്റെ നിഷ്‌കളങ്കത എന്നെന്നുമുണ്ടായിരുന്നു. പിന്നെ എങ്ങിനെയാണാ ഒക്‌ടോബർ 17 കടന്നുവന്നത് ?

ഇരുപത്തിമൂന്നു കൊല്ലം മുമ്പുള്ള ഒക്‌ടോബർ 17 ബുധനാഴ്ചയുടെ ഓരോ നിമിഷങ്ങളും ഞാൻ ഓർത്തെടുത്തു.

തിരുവനന്തപുരത്തുണ്ടായിരുന്ന പഴയ കർഷകസംഘം ആഫീസിലിരുന്നു എന്തോ കുത്തിക്കുറിക്കുകയായിരുന്ന എനിക്ക് മൂവാറ്റുപുഴ നിന്നൊരു ഫോൺവിളി വന്നു. അന്ന് മൊബൈൽഫോൺ ജനിച്ചിരുന്നില്ല. ഓടിച്ചെന്ന് ഫോണെടുത്ത എന്നോടൊരു ശകാരവർഷം.

“ഇയാളെവ്‌ടെപ്പോയി കെടക്ക്വാ കിട്ട്ണ വണ്ടിക്ക് കേറി വേഗം മൂവാറ്റുപുഴക്ക് പോരെ. വന്നിട്ട് വേറെ പണിയൊണ്ട്”. മക്കാരിക്കയുടെ പരുപരുത്ത ശബ്ദം. സന്തസഹചാരിയായിരുന്ന സൈക്കിളുമായി ആയകാലം മുഴുവൻ പാർട്ടിക്കായി പ്രവർത്തിച്ച ബീഡിതൊഴിലാളിയിൽ നിന്നും പാർട്ടിനേതാവായി ഉയർന്നുവന്ന സ.പി.എം.മക്കാർ.

ഞാൻ രാത്രിയ്ക്കുള്ള ട്രെയിനിൽ കയറി പിറവം റോഡ് ജംഗ്ഷനെന്ന വെള്ളൂർ സ്റ്റേഷനിലിറങ്ങി. അവിടെന്നൊരു ജീപ്പിൽ പുലരും മുമ്പെ മക്കാരിക്കയുടെ അടുത്തെത്തി.

“താനാ ഡോ. ഐസക്ക് എംഎൽഎ കൂടി വിളിച്ച് നിങ്ങള് രണ്ട് എംഎൽഎമാരും കൂടി രാവിലത്തെ സമാധാന ചർച്ചക്ക് ഉണ്ടാവണം. ”

കാട്ടൂർ പള്ളിയിലുറങ്ങിക്കിടന്ന മുസല്യാരെയാണു കൊന്നത്. രണ്ടു വിഭാഗങ്ങളും തമ്മിലേറ്റുമുട്ടി. പലയിടങ്ങളിൽ പലർക്കും അടിയും വെട്ടുമേറ്റു വീണു. അമ്പലങ്ങൾക്കും പള്ളികൾക്കും കേടുപാടുകൾ സംഭവിച്ചു. ദിവസങ്ങൾ രണ്ട് കഴിഞ്ഞു.

നാട്ടിലാകെ ഹർത്താൽ. എങ്ങും ഭീതിയുടെ നിമിഷങ്ങൾ. 

'വർഗ്ഗീയശക്തികളെ അടിച്ചമർത്തും. മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ സാമൂഹ്യവിരുദ്ധരെ അഴിഞ്ഞാടാൻ അനുവദിക്കില്ല. സമാധാനജീവിതം പുലരാൻ ജനങ്ങളൊറ്റക്കെട്ടവാണം.' മുഖ്യമന്ത്രി സ.നായനാരുടെ പ്രഖ്യാപനം വന്നു. എറണാകുളം ജില്ലയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ. തൃശ്ശൂരിലായിരുന്ന ധനകാര്യമന്ത്രി വി.വിശ്വനാഥമേനോൻ എറണാകുളത്തെത്തി സമാധാന പുനഃസ്ഥാപനത്തിനു നേതൃത്വം നൽകി.

ശാന്തമാകുന്ന അന്തരീക്ഷം താറുമാറാക്കുവാൻ മട്ടാഞ്ചേരിയിൽ സാമൂഹ്യവിരുദ്ധർ രംഗത്തുവന്നു. പോലീസ് വെടിവച്ചു. രണ്ടുപേർ കൊല്ലപ്പെട്ടു. എല്ലാ മുക്കുംമൂലയിൽ നിന്നും ജാതിക്കോമരങ്ങളും സാമൂഹ്യവിരുദ്ധരും അവസരം മുതലെടുക്കുവാൻ തക്കംപാർത്തു നടന്ന ദുഷ്ടശക്തികളും മൂവാറ്റുപുഴയിലേയ്‌ക്കൊഴുകി.

“വെള്ളൂർക്കുന്നത്തമ്പലം ആക്രമിക്കാൻ മുസ്ലീങ്ങൾ കേന്ദ്രീകരിക്കുന്നു.”, “കാവുങ്കര പള്ളി തകർക്കാൻ ഹിന്ദുക്കൾ വെള്ളൂർക്കുന്നത്ത് തയ്യാറെടുക്കുന്നു.”, “കുളി കഴിഞ്ഞ് അമ്പലത്തിൽ തൊഴുതു മടങ്ങിയ ഹിന്ദുപെൺകുട്ടിയുടെ പൊട്ട് ബലമായി മായിച്ചു.”, “മദ്രസയിൽ നിന്നും നടന്നുപോയ പെൺകുട്ടിയുടെ തട്ടം വലിച്ചുകീറി.”, “തൃക്കളത്തൂർ പള്ളിക്കാവ് തകർത്തു.”, “പേഴക്കാപ്പിള്ളിയിലെ മുസ്ലീം പള്ളി തകർത്തു തരിപ്പണമാക്കി.”

കേട്ടവർ കേട്ടവർ ചെവിയോടു ചെവിയിൽ അതുപകർന്നു. സത്യമാണോ? ആരെങ്കിലും മനഃപൂർവ്വം പ്രചരിപ്പിക്കുന്നതാണോ? ഇതൊന്നുമന്വേഷിക്കാതെ രണ്ടുഭാഗത്തായി ആളുകൾ സംഘം ചേർന്നു. എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ. 1990 ഒക്‌ടോബർ 18 വ്യാഴാഴ്ച നേരം പുലർന്നു.

മൂവാറ്റുപുഴ മുനിസിപ്പൽ ഹാളിൽ സമാധാനചർച്ച തുടങ്ങി. ഹാൾ നിറയെ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ, പത്രപ്രതിനിധികൾ. ചർച്ച നയിക്കുന്ന അസിസ്റ്റന്റ് കളക്ടർ പുതിയ ഒരു ഐഎഎസ് ചെറുപ്പക്കാരൻ. പരസ്പരമുള്ള ആക്രോശങ്ങൾ! അട്ടഹാസങ്ങൾ! വെല്ലുവിളികൾ! ഇങ്ങനെ അലങ്കോലമാക്കാതെ ശാന്തമായി സംസാരിക്കണമെന്നുള്ള അഭ്യർത്ഥനകൾ! പൂർണ്ണമായും ഇതിന്റെ ഉള്ളടക്കം എന്തെന്നു മലയാളം കാര്യമായി വശമില്ലാത്ത അസിസ്റ്റന്റ് കളക്ടർക്ക് പിടികിട്ടിയില്ലെന്നു തോന്നുന്നു. അദ്ദേഹം എഴുന്നേറ്റ് ഒറ്റ പ്രഖ്യാപനം. “നമുക്ക് എല്ലാവർക്കും തോക്കിന് ലൈസൻസ് നൽകാം.”

പുറത്ത് സംഘർഷം മൂത്ത് കലാപമായി പൊട്ടിപ്പുറപ്പെടാം. അകത്ത് ഒന്നിനും തീരുമാനമാകാതെ ഭയപ്പെടുത്തുന്ന അനിശ്ചിതത്വം.

ഞങ്ങൾ ഇടിനാദം പോലെ മുദ്രവാക്യങ്ങളുമായി ഒറ്റക്കെട്ടായി ഹാൾ വിട്ടിറങ്ങി. സമാധാനമാർച്ച് ആരംഭിച്ചു. മനുഷ്യനല്ലാതെ തോക്കിന് സമാധാനം കൈവരുത്താനാവില്ല.

അപ്പോഴേക്കും നെഹ്‌റുപാർക്കിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചു. ജനങ്ങൾ പിരിയാൻ മടിച്ചുനിന്നു. കുറേപേർ ഓടി. വീണ്ടുംപോയവർ മടങ്ങിവന്ന് കൂട്ടം ചേർന്നു. അല്പമകലെ വലിയ പാലം കടന്ന് സമാധാനത്തിന്റെ പതാകയുമായി ജനങ്ങൾ അടിവച്ചടിച്ച് കടന്നുവന്നു. റോഡ് നിറയെ സമാധാനമാർച്ചായി. അഞ്ചും പത്തും പിന്നെ അതുനൂറായി. ആയിരങ്ങളായി. 

എല്ലാ പുലിമടകളിേലക്കും ഞങ്ങൾ സമാധാനമാർച്ചുകാർ ഒഴുകിയെത്തി. കല്ലും തടിയും മെറ്റൽ കൂമ്പാരങ്ങളുമായി വഴികളെല്ലാം നേരത്തെ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. അതെല്ലാം തട്ടിനീക്കി. “ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനികളുമല്ല നമ്മൾ, ഒരമ്മപെറ്റ മക്കളാണ് നമ്മൾ. സാധാരണക്കാരായ മനുഷ്യരാണ്. വർഗ്ഗീയമായി നമ്മെ ചേരിതിരിച്ച് പരസ്പരം വെട്ടിക്കൊല്ലാൻ ഒരു ശക്തിയെയും അനുവദിക്കരുത്. നടന്ന സംഭവങ്ങളെന്തൊക്കെയാണോ അത് സർക്കാർ പരിശോധിക്കട്ടെ. എല്ലാത്തിനും തീരുമാനമുണ്ടാക്കുവാൻ ശക്തമായ സർക്കാരുണ്ടിവിടെ. പോലീസുമുണ്ട്. ഏതു പ്രശ്‌നമാവട്ടെ എന്തുകണ്ടാലും അത് ജനങ്ങൾക്കെതിരെങ്കിൽ അപ്പോൾ തന്നെ നിങ്ങൾ പോലീസിനെയറിയിക്ക്.” അപവാദത്തിനും കിംവദന്തികൾക്കും ചെവികൊടുക്കരുത്. 

ചെറുചെറു പ്രസംഗങ്ങളും വിളിച്ചുപറഞ്ഞും മനസ്സിലാക്കുവാൻ പറ്റുന്ന മുദ്രവാക്യം മുഴക്കിയും മണിക്കൂറുകൾ, മണിക്കൂറുകൾ പട്ടണവും പ്രാന്തപ്രദേശങ്ങളിലും ഞങ്ങൾ തളരാതെ നടന്നു.

കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ലീഗും കേരളയും ബിജെപിയും മർച്ചന്റ് അസോസിയേഷനും സമുദായസംഘടനാ നേതാക്കളും കലാ-സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഒന്നിലും പെടാത്ത മനുഷ്യസ്‌നേഹികളും അങ്ങനെ ഞങ്ങളെല്ലാവരും ചേർന്ന് ഒഴുകി. മൂവാറ്റുപുഴയാറു പോലെ സർവ്വജീവജാലങ്ങളുടെയും ജീവദായിനിയായി! ഇരുകരകളിലുമധിവസിക്കുന്ന നൂറുനൂറായിരം കുഞ്ഞുമക്കളെയും കുടുംബാംഗങ്ങളെയും നോക്കി മന്ദഹാസം തൂവി കടന്നുപോകുന്ന നമ്മുടെ മൂവാറ്റുപുഴയാറു പോലെ.

സമാധാനത്തിന് ഭംഗം വരുന്ന പ്രവർത്തിയിലേർപ്പെടുന്നവരെ ഒറ്റപ്പെടുത്തുവാനും മറ്റെന്തിനുമുപരി സമാധാനപരിപാലനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഞങ്ങൾ 33 പേരൊപ്പിട്ട് ഇറക്കിയ പ്രസ്ഥാവനയുമായി പ്രവർത്തകർ ജനങ്ങളിലേയ്‌െക്കത്തി. 

രണ്ടുമൂന്നു ദിവസം കൊണ്ട് പരിഷ്‌കൃതസമൂഹമെന്നു പേരുകേട്ട നമ്മുടെ കേരളത്തിന്റെ മുഖച്ഛായ പലയിടങ്ങളിലും മെല്ലെ മാറുകയായിരുന്നു. സാംസ്‌കാരിക ഔന്നിത്യത്തിന്റെ മതസാഹോദര്യത്തിന്റെ പതാകവാഹകരായ കേരളീയരുടെ പാരമ്പര്യത്തിനു മങ്ങലേൽക്കുകയാണോ ?

പിറന്ന നാടിനേയും മനുഷ്യരേയും സ്‌നേഹിക്കുന്ന അനേകായിരങ്ങളുടെ മനസ്സു വിറയാർന്ന സ്വരത്തിൽ മന്ത്രിച്ചു. വടക്കേയിന്ത്യയിലെ ചിലയിടങ്ങൾ പോലെ നമ്മുടെ നാടു മാറരുതേ !

കലാപം പടരാതിരിക്കാൻ നായനാർ സർക്കാർ കേരള ചരിത്രത്തിലൊരു സന്ദർഭത്തിലും ദർശിക്കാൻ ആവാത്ത സർവ്വശക്തമായ നടപടികൾ സ്വീകരിച്ചു. പോലീസ് ഒന്നിനൊന്നിനായി ജനങ്ങൾക്കു കാവലാളായി. ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിമാർ, കളക്ടർമാർ സർവ്വരും ജില്ലകളിൽ ഇമവെട്ടാതെ സമാധാന വാഴ്ച തകരാതിരിക്കാൻ ശക്തമായി നിലകൊണ്ടു.

വിശപ്പും ദാഹവും മറന്ന് ജനപഥങ്ങളിലൂടെ കടന്നുപോയ സമാധാനമാർച്ച് അതിന്റെ ദൗത്യം പൂർത്തിയാക്കി, പുന്നമറ്റത്തു നിന്നും കാവുങ്കര ചുറ്റി കച്ചേരിത്താഴത്തേക്കു മടങ്ങി.

തെരുവുകളിൽ നിന്നും ജനങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിരുന്നു. റോഡുവക്കത്ത് നിൽക്കുന്നവർ കാലങ്ങളായി ചിരപരിചിതരായ നാട്ടുകാർ സമാധാനമാർച്ചിനെ കൈവീശികാണിച്ചു. ഞങ്ങൾ പ്രത്യഭിവാദ്യം ചെയ്തു ക്ഷീണമേതുമില്ലാതെ മുന്നോട്ടു നീങ്ങി.

മാർച്ച് നയിച്ചവർക്കും പങ്കാളികൾക്കും ഒരുപോലെ അഭിമാനത്തോടെ ഓർത്തുവയ്ക്കാൻ ഒരനുഭവമായി മാറി സമാധാനമാർച്ച്. എല്ലാംമറന്ന് തമാശകൾ പങ്കിട്ട് തോളിൽ കയ്യിട്ട് പാലംവരെ എത്തിയപ്പോഴാണ് ശുഭപര്യവസായിയായ സന്ദേശവുമായി മഴ പെയ്യാൻ തുടങ്ങിയത്.

വലിയ പാലത്തിനപ്പുറം കടന്ന് കച്ചേരിത്താഴത്തെ പഴയ മഴമരത്തിന്റെ ചോട്ടിലെത്തിയപ്പോഴേക്കും മഴ നനഞ്ഞ് ഞങ്ങൾ ആകെ കുതിർന്നിരുന്നു.

“ദേ കെ.ആർ.എസ്സേ തലയിൽ തേച്ച കറുത്ത പെയിന്റൊക്കെ ഒലിച്ചു താഴോട്ടിറങ്ങുന്നു.” ഞാൻ മുതിർന്ന കേ.ാൺഗ്രസ്സ് നേതാവും സഹൃദയനുമായ കെ.ആർ.സദാശിവൻ നായരെ നോക്കി ഒരു തമാശ പൊട്ടിച്ചു. 

അറിയാതെയാണെങ്കിലും കെ.ആർ.എസ് മുടിയാകെ തടവി കൈവെള്ളയിലേക്കു നോക്കി, സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെ പറഞ്ഞു. “പോടാ കോട്ടമുറിയാ”

“നമുക്കിവിടെ വച്ചു പിരിയാം.”

മക്കാരിക്ക സമാധാനമാർച്ച് തൽക്കാലം ഇന്നുപിരിയുന്നതായി അറിയിച്ചു.

മൂവാറ്റുപുഴ: ഒക്‌ടോബർ 19 വെള്ളിയാഴ്ച.

മൂവാറ്റുപുഴ പട്ടണത്തിലെ ജനജീവിതം സാധാരണനിലയിലായി. വെള്ളിയാഴ്ച രാവിലെ മുതൽ കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിക്കുകയും വാഹനഗതാഗതം പുനരാരംഭിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നും എറണാകുളം, കോട്ടയം, പിറവം, കോതമംഗലം, തൊടുപുഴ പ്രദേശങ്ങളിലേക്ക് ബസ് സർവ്വീസുകൾ പുനരാരംഭിച്ചു. അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.

അതെ പിന്നീടിതുവരെ മൂവാറ്റുപുഴയിൽ അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ല. ഇതുമാത്രം മതിയോ ?

ബാബറി മസ്ജിദിന്റെ തകർച്ചയും ഗുജറാത്ത് സംഭവങ്ങളും രാജ്യം കണ്ടു. എണ്ണമറ്റ പാവങ്ങൾ തെരുവാധാരമായി. ആയിരക്കണക്കായ ചെറുതും വലുതുമായ വീടുകൾ ചാമ്പലായി. എട്ടുംപൊട്ടും തിരിയാത്ത പിഞ്ചോമനകൾ അനാഥരായി. ഗർഭസ്ഥശിശുവിനെ കുന്തത്തിൽ കോർത്തെടുത്തുള്ള രാക്ഷസീയത കണ്ടു രാഷ്ട്രം നടുങ്ങിവിറച്ചു. സ്ത്രീകൾ ബലാത്സംഗത്തിനിരയായി. അനേകായിരങ്ങളുടെ ദീനവിലാപം കേട്ടനാട് ഉള്ളുരുകി പ്രാർത്ഥിച്ചു ഇനിയുമിതൊരിക്കലും ഉണ്ടാവരുതേ. ആവർത്തിക്കരുതേ.!

വീണ്ടുമിതാ മുസാഫർപൂർ നമ്മുടെ കണ്ണുകളിലേയ്‌ക്കെടുത്തെറിയപ്പെട്ടിരിക്കുന്നു. എല്ലാ കലാപങ്ങൾക്കു പിന്നിലും ഒളിഞ്ഞിരിക്കുന്ന കണ്ണുകൾ അധികാരത്തിന്റേതാണ്.

ആയിരങ്ങളുടെ ആർത്തനാദങ്ങളും തീയും പുകയും ചോരയും ഉദിർന്നപ്പോഴും നരസിഹറാവുവും കോൺഗ്രസ്സും ചിന്തിച്ചു. 'കത്തിച്ചാമ്പലാകുന്ന ജീവനു പകരം വീണ്ടും ജീവനുണ്ടാകും. മനുഷ്യരുണ്ടാവും. പക്ഷേ നഷ്ടപ്പെടുന്ന അധികാരത്തിനുപകരം ശൂന്യതയും കൽത്തുറങ്കുകളുമായിരിക്കും.' ആരുമരിച്ചാലും നമുക്കെന്താ! പോകാൻ പറ ! ഒരു മതസൗഹാർദ്ദം !

ഗുജറാത്തിലെ ചാരത്തിൽ നിന്നുയിർകൊണ്ട ഫീനിക്‌സ് പക്ഷിയായി നരേന്ദ്രമോഡി വാഴ്ത്തിപ്പാടുന്നു. പാപപങ്കിലമായ ഭൂതകാലം മോഡിയെയും ബിജെപിയെയും മത്തുപിടിപ്പിച്ചിരിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത ന്യൂനപക്ഷ ജനതയുടെ ജീവനും ചോരയും കലങ്ങിമറഞ്ഞ ചുവന്ന തടാകത്തിൽ മുങ്ങിനിവർന്നു ആർത്തുചിരിയ്ക്കുന്നു മോഡി.

'ഒന്നുകിൽ രാഹുൽ അല്ലെങ്കിൽ മോഡി.' ഇന്ത്യൻ കോർപ്പറേറ്റുകളും വൻകിട കുത്തകകളും ആണീ രാജ്യവ്യാപക പ്രചാരവേലയുടെ സ്‌പോൺസർമാർ. പാർലമെന്റുതെരഞ്ഞെടുപ്പിന്റെ കർട്ടൻ റെയ്‌സർ പരിപാടി ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു.

നോക്കൂ നിങ്ങളെത്ര മായ്ച്ചാലും മറയാതെ ഉയർന്നുവരുന്ന ഒരു ജനശക്തിയുണ്ടിവിടെ! അവരെവിടെയെല്ലാം ശക്തരാണോ, എവിടെയെല്ലാം ശക്തിപ്പെടുന്നോ അവിടൊന്നും ഒരിക്കലും ഒരു വർഗ്ഗീയശക്തിക്കും തലപൊക്കാനാവില്ല. ന്യൂനപക്ഷങ്ങളെ ചുട്ടുകരിക്കാനാവില്ല. വർഗ്ഗീയത ഭൂരിപക്ഷത്തിന്റേതാണെങ്കിലും ന്യൂനപക്ഷത്തിന്റേതാണെങ്കിലും വർഗ്ഗീയത, വർഗ്ഗീയത തന്നെ !

അതിൽ നിന്നധികാരം കൊയ്യാനാഗ്രഹിക്കാത്ത, ഒരിക്കലുമങ്ങനെ ചിന്തിക്കാത്ത, എക്കാലത്തേയും നിലനിൽപ്പുള്ള പോരാട്ടശക്തിയാണീ രാജ്യത്തെ ഇടതുപക്ഷ പുരോഗമനശക്തികൾ.

അതുകൊണ്ടുതന്നെ വെറും 23 വർഷം മുമ്പ് ഞാൻ കേട്ട സ.നായനാരുടെ –- എക്കാലത്തേയും തലയെടുപ്പാർന്ന, ആണത്തത്തിന്റെ ആൾരൂപമായ ആജാനുബാഹുവായ വിപ്ലവകാരി - കയ്യൂരിലെ കഴുമരത്തോട് “പോട്ടെടോ, റൈറ്റ്” പറഞ്ഞ നമ്മുടെ പ്രിയങ്കരനായ സ.നായനാരുടെ ശബ്ദം. “വർഗ്ഗീയശക്തികളെ സർവ്വശക്തിയുമപയോഗിച്ച് അടിച്ചമർത്തും. ജനങ്ങളുടെ സൈ്വര്യജീവിതം തകർക്കാൻ അനുവദിക്കില്ല.”

ഇത് സിപിഐഎമ്മിന്റെ മാത്രമല്ല മറ്റിടതുപക്ഷശക്തികളുടെയും ശബ്ദം കൂടിയാണ്.

ഈ ഒക്‌ടോബർ 17 കടന്നുവരുമ്പോൾ നാൽപ്പത്തെട്ടുമണിക്കൂർ മൂവാറ്റുപുഴയുടെ നാഡീസ്പന്ദനം നിശ്ചലമാക്കിയ സംഭവവികാസങ്ങളെക്കുറിച്ച് മൂവാറ്റുപുഴക്കാരനായ ഞാനോർത്തുപോയി.