യാത്രകൾ അവസാനിച്ചിട്ടില്ല

സ്‌കൂൾ അടയ്ക്കുന്നതോടെ ഞങ്ങൾ ആനിക്കാട് നിന്നും മൂവാറ്റുപുഴ അമ്പലക്കുന്നിലെ വീട്ടിലേയ്ക്ക് കുറേ ദിവസത്തെ താമസത്തിനായി പോകുമായിരുന്നു. ഊഞ്ഞാലു കെട്ടാനോ, മാമ്പഴം പെറുക്കാനോ ആഗ്രഹമുണ്ടെങ്കിലും ഒന്നിനും നിവൃത്തിയില്ലാത്ത നാലു സെന്റിലൊരു കൊച്ചുവീട്. ഓലമേഞ്ഞ ആ വീട്ടിൽ അച്ഛന്റെ അമ്മ മാത്രമാണ് താമസിച്ചിരുന്നത്.

ആനിക്കാട്ടെ വീട് ഇത്രപോലും സൗകര്യമില്ലാത്ത ഒന്നായിരുന്നു. ഞങ്ങൾ വീടിന് മുമ്പിലെ റോഡിന്റെ തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കുന്ന മുഞ്ചയ്ക്കലെ കൊച്ചുമുഹമ്മദും (കാവുങ്കരയിൽ മുസ്ലീം ലീഗ് നേതാവ് ഖാദർ മുഞ്ചയ്ക്കൻ) വാപ്പയും ഉമ്മയും സഹോദരങ്ങളും. അരിക്കാരൻ കുട്ടിച്ചേട്ടൻ, പലചരക്കുകടക്കാരായ മുത്തുവും കൊച്ചുറായി കാക്കയും ചായക്കട നടത്തുന്ന വേലുനായർ തുണിക്കട നടത്തുന്ന പുത്തനില്ലത്തെ ഗോപിപിള്ള ഇവരെല്ലാം കൂടിചേരുന്ന "ട്ട" വട്ടത്തിലൊരു പട്ടണമായിരുന്നു ആനിക്കാട് ഗ്രാമം.

"ഞങ്ങളു കൊറച്ചു ദെവുസത്തേയ്ക്ക് അച്ഛന്റെ വീട്ടിപ്പോവാന്നു അമ്മ പറഞ്ഞു വിട്ടതാ"

മൂന്നാം ക്ലാസ്സുകാരനായ എന്റെ ചുമതലയാണു മേൽപ്പറഞ്ഞ 'പട്ടണ'വാസികളെ വിവരമറിയിക്കൽ.

ഞങ്ങളൊരുമിച്ചല്ല യാത്ര. അമ്മയും ഇളയപെങ്ങന്മാരായ അമ്മിണി, കുമാരി, ഉണ്ണി ഇവരു നാലാളും കൂടി ശിവറാം ബസ്സിൽ പോകും. കഷ്ടിച്ച് അഞ്ചുകിലോമീറ്ററേയുള്ളൂവെങ്കിലും ഞങ്ങൾക്ക് മൂന്നുപേർക്കും കൂടി അമ്മ വലിയ ഒരു ഉത്തരവാദിത്വം എൽപ്പിച്ചിരിക്കുകയാണ്. അതായത് ഒരാടിനേയും രണ്ടുകുഞ്ഞുങ്ങളേയും നടത്തി, മൂവാറ്റുപുഴ അമ്പലക്കുന്നിലുള്ള വീട്ടിലെത്തിയ്ക്കണം.

എന്റെ മൂത്തവർ രണ്ടും ചേച്ചിമാരാണ്. രമണിയും ലീലയും.
ഞങ്ങൾ പുറപ്പെട്ടു.

തള്ളയാടിന്റെ കൂടു തുറന്ന് കഴുത്തിലെ കയർ നന്നായി കുറുക്കിപ്പിടിച്ച് മൂത്തചേച്ചി ലീല റോഡിന്റെ ഒരറ്റംപറ്റി യാത്രയായി. അതിന്റെ തൊട്ടുമുന്നിലായി ഒരെണ്ണത്തിനെ രമണിയും കറുത്ത മുട്ടൻകുഞ്ഞിനെ ഞാനും നെഞ്ചോടുചേർത്തു പിടിച്ചു നടന്നു.

അടൂപ്പറമ്പിലെ തീപ്പെട്ടിക്കമ്പനി, ചുണ്ടങ്ങാവളവ്, കോളേജ് ഹോസ്റ്റൽപടി ഇവിടെയെല്ലാം വച്ച് കുഞ്ഞുങ്ങളെ താഴെവിട്ടു. രണ്ടുംകൂടി തുള്ളിച്ചാടി. "മ്മേന്നു"വിളിച്ചു തള്ളയാടിന്റെ പാലുകുടിച്ച് വാലാട്ടി സന്തോഷസൂചകമായി മുക്കറയിട്ടു. രമണിയുടെ കൈയിലെ ചെറിയ പ്ലാവില കമ്പ് ഒഴികെ ഇല മുഴുവൻ തള്ളയും തിന്നുതീർത്തു.

ഞങ്ങൾ യാത്രതുടർന്നു. കുറച്ചുകൂടി ചെന്ന് വിമലാലോഡ്ജ് ആകും മുമ്പെ ലീലച്ചേച്ചി പറഞ്ഞു.

"ഡാ മോനേ ! നീ ആ കുഞ്ഞിനെ താഴെ നിർത്തി ഈ കയറേലൊന്നു പിടിച്ചേ. വിട്ടേക്കല്ലെ. തള്ളയെ എന്റെ കയ്യിൽ എൽപ്പിച്ചു. രമണിയും കുഞ്ഞിനെ താഴെനിർത്തി. കഴിവും ശേഷിയുമുള്ള ഒരു മിടുക്കനായി ഒമ്പതുവയസ്സുള്ള ഞാൻ ഒരുനിമിഷം കൊണ്ടുമാറി. എനിക്കു വലിയ അഭിമാനം തോന്നി.

"നീ ഇവ്‌ടെത്തന്നെ നിക്കണം. ഞങ്ങള് ദേ വളവിലൊരു മൈൽക്കുറ്റി കണ്ടില്ലെ അവിടെ ചെന്ന് കൈകാണിക്കുമ്പെ പയ്യെ പോരണം. പെട്ടെന്ന് ഓടിപോകരുത്. ആടുവലിച്ചോണ്ടു പോയാൽ നീ അങ്ങു തൂങ്ങിക്കിടക്കണം ട്ടോ".

കഷ്ടിച്ചൊരു നൂറു നൂറ്റമ്പത് മീറ്ററകലേയ്ക്ക് അവർ രണ്ടുപേരും ഒന്നുമറിയാത്തതു പോലെ നടന്നുപോയി.

ഇതല്ല. ഇതിലപ്പുറമുള്ള ആട്ടിൻകൂട്ടത്തെ തന്നാലും വരച്ചവരയിൽ നിർത്തുമെന്ന ഭാവത്തിൽ കയറുംപിടിച്ച് ഞാൻ നിന്നു.

റോഡുവക്കത്തെ കറുകപ്പുല്ലും നിലംപരണ്ടയും നാക്കുകൊണ്ട് ഞെരടി പടപടേന്ന് തിന്ന് കിട്ടിയ സന്ദർഭം തള്ളയാടും മുതലാക്കി.

അമ്പലപ്പറമ്പിലെ പന്തിന്റെ പിന്നാലെ തെന്നിത്തെറിച്ചോടുന്ന കുസൃതികളെപ്പോലെ ആട്ടിൻകുട്ടികളും തുള്ളിക്കളിച്ചു.

ചേച്ചിമാർ കൈകാണിച്ചു.

ആടിനെയും കുഞ്ഞുങ്ങളെയും കൊണ്ട് തനിയെയാണ് ഇവനീ വഴിക്കുപോകുന്നതെന്ന ഭാവത്തിൽ ഞാൻ നടന്നു. ഇടയ്ക്ക് ബ്രേക്കിടും പോലെ പാദങ്ങൾ ബലംപിടിച്ചു നിലത്തൂന്നിയും പുറകോട്ടുവളഞ്ഞ് മുന്നോട്ടായുന്ന തള്ളയാടിനെ പാകത്തിന് സ്പീഡിലാക്കിയും ഞാനവരുടെയടുത്തെത്തി.

തള്ളയുടെ കയറേറ്റുവാങ്ങുമ്പോഴെന്തിനാണെന്നറിയിതെ രണ്ടു ചേച്ചിമാരും കുടുകുടാ ചിരിക്കുന്നുണ്ടായിരുന്നു.

പഴയതുപോലെ ഞങ്ങൾ യാത്ര തുടർന്നു. അന്ന് ഇപ്പോഴത്തേതിന്റെ പത്തിലൊരംശം കടയോ വീടോ പോസ്റ്റ് ഓഫീസിന്റെ പരിസരത്തുണ്ടായിരുന്നില്ല. പോസ്റ്റ് ഓഫീസുകഴിഞ്ഞാൽ ശങ്കരൻനായർ സാറിന്റെ ഓക്‌സ്‌ഫോർഡ് കോളേജാണ് പിന്നീടുള്ള ഒരു പ്രധാന സ്ഥാപനം.

ഞങ്ങൾ മെയിൻ റോഡിൽ നിന്നും അമ്പലക്കുന്നിലേക്കുള്ള ചെമ്മണ്ണുനിറഞ്ഞ വഴിയിലേയ്ക്കു തിരിഞ്ഞു. ബേബിമാസ്റ്റർ മോട്ടോർ സർവ്വീസിന്റെ പിറവം വണ്ടി പൊടിപറത്തി അവരുടെ വർക്കുഷാപ്പിലേയ്ക്കിറങ്ങിപ്പോയി.

ഇവിടം കഴിഞ്ഞ് സ്വല്പം മുമ്പോട്ടുനീങ്ങുമ്പോൾ ഞാൻ ഇടത്തേയ്ക്കു നോക്കാറില്ലായിരുന്നു. എട്ടാം ക്ലാസ്സിലെത്തുമ്പോഴും അവിടേക്കുനോക്കുമ്പോൾ പേടിച്ചുവിറയലായിരുന്നു. ഇട്ട്യാതിച്ചേട്ടന്റെ ഭാര്യയ്ക്ക് കലശലായ മാനസികരോഗം. അവരുച്ചത്തിൽ പാട്ടുപാടും. കപ്ലാവിന്റെ കൊമ്പുകുലുക്കും. ഹോ ! ഓർക്കാനെ പറ്റൂല്ല. ഇടതുഭാഗത്തുള്ള പഴയ ഓടിട്ട വീട്ടിലായിരുന്നു അവരുണ്ടായിരുന്നത്.

സന്ധ്യയ്ക്കു മുമ്പെ ഞങ്ങൾ അമ്പലക്കുന്നിലെ വീട്ടിലെത്തി. ഞങ്ങളെ നോക്കുംമുമ്പെ അമ്മ ആടിനെയും കുഞ്ഞുങ്ങളെയുമാണു നോക്കിയത്. കഞ്ഞിവെള്ളത്തിൽ തേങ്ങാപ്പിണ്ണാക്കു കലക്കി ഒരു വലിയ ചെരുവം നിറയെ അമ്മ ആടിന്റെ മുമ്പിലേയ്ക്കു നീക്കിവച്ചു.

കുറെ ദിവസങ്ങളവിടെ കഴിച്ചുകൂട്ടി. എനിയ്ക്കവിടെയും ഇഷ്ടംപോലെ കൂട്ടുകാരുണ്ടായിരുന്നു. വടക്കേലെ രവീം സുധീം സാവിത്രിച്ചേച്ചീടെ മണി. അങ്ങനെ ആറേഴു ചങ്ങാതിമാർ. ഞങ്ങളവിടെ കളിച്ചു തിമിർത്തു.

"വെയിലു മൂക്കും മുമ്പ് മൂന്നാളും കൂടി വന്ന പോലെ ആനിക്കാട്ടേയ്ക്ക് പൊയ്‌ക്കോണം. ട്ടോ.!" കഞ്ഞി വിളമ്പിക്കൊണ്ട് അമ്മ മുന്നറിയിപ്പു തന്നു.

അന്നത്തെ രാത്രിയ്ക്ക് വളരെ നീളക്കൂടുതലുള്ളതുപോലെ തോന്നി.
നേരം വെളുക്കുമ്പഴേ തിരിച്ചുപോകാൻ റെഡി ആവണം.
രാവിലെ ആടിനെയും കുഞ്ഞുങ്ങളെയും കൂട്ടി ഞങ്ങൾ ചെമ്മണ്ണുനിറഞ്ഞ വഴിയിലേയ്ക്കിറങ്ങി. വല്ല്യമ്മ എന്റെ നിക്കറിന്റെ കീശയിൽ സ്വല്പം ചില്ലറയിട്ടുതന്നു. എത്രയാണെന്നറിയില്ലായിരുന്നു.

നടന്നുനടന്ന് ആടും കുഞ്ഞുങ്ങളും ഞങ്ങളും വിമലാലോഡ്ജിന്റെ ഇപ്പുറെയുള്ള മൈൽക്കുറ്റിയുടെയടുത്തെത്തി.

ആനിക്കാട്ടു നിന്നും മൂവാറ്റുപുഴയ്ക്കു പോരുമ്പോൾ ചെയ്ത അതേ പണി എന്റെ ചേച്ചിമാർ വീണ്ടും ആവർത്തിച്ചു.

"ഡാ മോനേ. ന്നാളത്തേപ്പോലെ മ്മക്ക് ഒന്നോടെ നോക്കാം. നീ ഇതുങ്ങളേം പിടിച്ച് ഇവ്‌ടെ നിക്ക്. ഞങ്ങളാ പുല്ലാന്തിക്കാടിന്റെ അപ്പ്‌റെചെന്ന് നിന്നെ കൈകാട്ടാം. അതുവരേയ്ക്കും അനങ്ങല്ലെ. ആടിനേം വിടരുത്‌ട്ടോ."

ഇതിനൊക്കെ ഞാനൊറ്റയ്ക്കു മതിയെന്ന ഭാവത്തിൽ ആടും കുഞ്ഞുങ്ങളുമായി ഞാനവിടെ ഉറച്ചുനിന്നു.

റോഡരികുപറ്റി കീഴോട്ടു തല കുമ്പിട്ടവർ മുന്നോട്ടുനടന്നു. റോഡ് വക്കിലുള്ള പുല്ലാന്തിക്കാടിന്റെയപ്പുറെ ചെന്നവർ എനിയ്ക്ക് സിഗ്നൽ തന്നു.
ആടിനെയും കൂട്ടി ഞാൻ വിമലാലോഡ്ജിന്റെ പടി കടന്നപ്പുറെയെത്തും മുമ്പെ ഒന്നാം നിലയിൽ നിന്നൊരാരവം.

"മ്പേ !!! ബാ ! ബാ !!"

ശരിയ്ക്കും ആടുകരയുമ്പോലെ ഒരു ശബ്ദം. ഡിഗ്രിയ്ക്കുപഠിക്കുന്ന രണ്ടുമൂന്നു ചേട്ടന്മാരാണത്. അവർ ലോഡ്ജിന്റെ ഒന്നാംനിലയിലെ താമസക്കാരാണ്. ഉടമയും കുടുംബവും താഴെയും താമസിക്കുന്നു.

ഞാനതുകേട്ട് അന്ധാളിച്ചു. ആടിന്റെ പിടിവിടാതെ ഞാനതിനെയും കൊണ്ടുമുന്നോട്ടു കുതിച്ചു.

ചേച്ചിമാരെന്നെ കാത്തുനിൽക്കാതെ കുറേക്കൂടി മുന്നോട്ടുപോയി. എനിയ്ക്കും ആധിയായി. അവരെന്നെ ഇട്ടേച്ചുപോകുവാണൊ !

ഇല്ല. കുറേക്കൂടി മാറി ആ ചേട്ടന്മാർ കാണാതെ അവർ എന്നെ കാത്തുനിന്നു.
അവർക്കടുത്തെത്തിയപ്പോൾ ഞാനറിയാതെ സങ്കടം കൊണ്ടുവിതുമ്പി.

"എട പൊട്ടാ ! ആ ചേട്ടന്മാരു കളിയാക്കൂന്നറിയാവുന്നതു കൊണ്ടല്ലെ മോനെ അങ്ങോട്ടും ഇങ്ങോട്ടും പോയപ്പൊ ഞങ്ങളു നിന്നെപ്പറ്റിച്ചെ. ഞ്ഞി അടുത്ത തവണ പോകുമ്പൊ നീ തന്നെ ഇതുങ്ങളേം കൊണ്ടുപൊയ്‌ക്കൊ. പോരെ."

ആടിന്റെ കയറ് ചേച്ചി എന്റെ കയ്യീന്നു വാങ്ങി. കുഞ്ഞുങ്ങൾ രണ്ടും ചുറ്റുംകറങ്ങി തുള്ളിക്കളിച്ചു. 

ഞാനിതെത്രയോ നേരത്തെ മനസ്സിലാക്കിയെന്ന മട്ടിൽ തള്ളയാട് ഞങ്ങളെ മാറിമാറി നോക്കി. ഞങ്ങൾ യാത്ര തുടർന്നു. !!!