സ.ഏ.കെ.ജി - മഹാനായ കമ്മ്യൂണിസ്റ്റ്, മറക്കാനാവാത്ത വിപ്ലവസൂര്യൻ

"ഇടുക്കിയിൽ പോകാൻ വേണ്ടി ഏകെജീം സുശീലേം പതിനെട്ടാം തീയതി ഉച്ചകഴിയുമ്പോളെത്തും. അന്നിവിടെ ക്യാമ്പാ. ഇപ്പത്തന്നെ പോയി ടിബിയിൽ ഒരു മുറി പറഞ്ഞേക്ക്." 

സ.ഡേവിഡ് രാജൻ എന്നെ നോക്കിയാണതു പറഞ്ഞത്. എനിക്കന്നു ഇരുപത്തൊന്നു വയസ്സു പ്രായം. മൂവാറ്റപുഴ സബ് ജയിലിനു താഴെയുള്ള ട്രങ്ക് പെട്ടിയുണ്ടാക്കുന്ന ഗംഗാധരൻചേട്ടന്റെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് അന്ന് പാർട്ടി ഓഫീസ്. 

ഡേവിഡ് രാജൻ ഇതുപറയുമ്പോൾ മക്കാരിക്കയും മണിയൻചേട്ടനും ആഫീസിലുണ്ട്.

എറണാകുളം ജില്ലയുടെ കിഴക്കൻപ്രദേശങ്ങളിലാകെ രാപകലില്ലാതെ ഓടിനടന്ന് പാർട്ടിപ്രവർത്തനം നടത്തിയിരുന്ന നേതാവാണ് സ.ഡേവിഡ് രാജൻ. പാർട്ടി നിരോധിക്കപ്പെട്ട കാലയളവിൽ ഒട്ടനവധി കള്ളക്കേസുകളിൽ പ്രതിയാക്കപ്പെട്ടു. കൊടിയ മർദ്ദനങ്ങളും കൊലക്കേസുൾപ്പടെയുള്ള കേസുകളിലെ വേട്ടയാടലുകളും ഒന്നും സഖാവിനെ തളർത്തിയിട്ടില്ല. 

ഞാൻ ഓടിപ്പോയി മുറി ഏർപ്പാടാക്കി തിരിച്ചെത്തി. മുടവൻമുഗൾ കൊട്ടാരവളപ്പിൽ മതിൽ ചാടിക്കടന്ന് കൊട്ടാരഭൂമിയിൽ കൊടിനാട്ടി രാജാവ് കൈവശം വച്ചിരിക്കുന്ന ഭൂമി മിച്ചഭൂമിയാണെന്ന് പ്രഖ്യാപിച്ച സമരനായകൻ. അന്ന് ഏകെജിക്ക് 68 വയസ്സ് പ്രായമുണ്ടെന്നോർക്കണം. രാജഭൂമിയിൽ കാൽകുത്തിയ്ക്കില്ല എന്നു പ്രഖ്യാപിച്ച മന്ത്രിമാരും പൊലീസും ഇളിഭ്യരായി. കേരളമാകെ തിളച്ചുയർന്ന സമരഭരിതമായ അന്തരീക്ഷം. അനേകലക്ഷം പാവങ്ങളെ ഒരു തുണ്ടു മണ്ണിന്റെ ഉടമകളാക്കി മാറ്റിയ അതിശക്തമായ പ്രക്ഷോഭസമരം. ആ കാലഘട്ടത്തിൽ മനസ്സിലാകെ അത്ഭുതാദരവ് നിറച്ച സാഹസികനായ വിപ്ലവകാരിയായിരുന്നു
സ.ഏകെജി.

ഏകെജി വരുന്നതിന്റെ തലേന്നു രാത്രി ഒരു പോള കണ്ണടയ്ക്കാൻ എനിക്കായില്ല. എങ്ങിനെയായിരിക്കും വരുന്നത് ? കൂടെ ഒത്തിരി ആളുണ്ടാവുമോ ? പല വിധ ചിന്തകളുമായി ഒരുവിധം നേരം വെളുപ്പിച്ചു.

ഉച്ചകഴിഞ്ഞപ്പോഴേ ഞാനും മക്കാരിക്കയും കൂടി ടിബിയിലേക്ക് പോയി. നന്നായി. മുറിയും പരിസരവും ആകെ വൃത്തിയാക്കിയിട്ടുണ്ട്. 

സന്ധ്യയോടടുത്ത സമയം. ഏകെജിയും സ.സുശീലയും കൂടി ഡേവിഡ് രാജന്റെ കാറിലാണെത്തിയത്. വന്നപാടെ മുറികൈയൻ സ്ലാക് ഷർട്ട് ഊരി ഭിത്തിയിലുള്ള ആണിയിൽ തൂക്കി. മുറിയാകെ ചുറ്റിയൊരുനോട്ടം നോക്കി. 

"എങ്ങിനേണ്ട്?" ഏകെജി. "കൊള്ളാം ധാരാളം." സുശീലയുടെ മറുപടി. 

ഇനി ഇതുപറ്റില്ലാന്നു പറഞ്ഞാലും മൂവാറ്റുപുഴയിൽ അന്ന് വേറെ മാർഗ്ഗമൊന്നുമില്ലായിരുന്നു.

"ചൂടൊള്ള ഒരു ഗ്ലാസ്സ് വെള്ളം കൊണ്ട്വാ." എന്നെ നോക്കി ഏകെജി അതു പറയുമ്പോൾ എനിക്കെന്തഭിമാനമായിരുന്നെന്നോ. താമസിയാതെ ഒരു കെറ്റിലിൽ ചൂടുവെള്ളവും രണ്ടു ഗ്ലാസ്സുകളും കൊണ്ടുപോയി വച്ചു. വാതിൽ മെല്ലെ ചാരി ഞങ്ങൾ പുറത്തേക്കിറങ്ങി.

രാത്രിയും രാവിലെയും ഹോട്ടൽ സൽക്കാരയിൽ നിന്നും ഭക്ഷണം കൊണ്ടുവരുന്നതും, രാവിലെ ഇടുക്കിയ്ക്കുള്ള യാത്രയും, പരിപാടി കഴിഞ്ഞ് തിരിയെ എറണാകുളത്താക്കുന്ന കാര്യവുമെല്ലാം മുതിർന്ന സഖാക്കളോട് ഡേവിഡ് രാജൻ അവതരിപ്പിച്ച രീതി അത്യന്തം ഗൗരവത്തോടെയും ഒരു ബോംബിടാൻ പോകുന്ന സൈനികന്റെ മുൻകരുതലോടെയുമായിരുന്നു.

രാവിലെ കുളിയും ബ്രേക്ഫാസ്റ്റും കഴിഞ്ഞ് കൃത്യസമയത്ത് അവർ റെഡിയായി. ഡേവിഡ് രാജനും വണ്ടിയും നേരത്തെ തന്നെ എത്തിയിരുന്നു. ഏകെജി മുറിയുടെ വാതിൽക്കൽ എത്തി സംസാരിച്ചു നിന്ന ഞങ്ങളെ നോക്കി. 

അദ്ധ്യാപക സംഘടനാനേതാവ് എം.കെ.രാജപ്പൻ മാഷും മണീട് ഏഴക്കരനാട് ഭാഗത്തെ പാർട്ടിനേതാവായിരുന്ന സ.രാജൻ.പി.ജേക്കബും കേരള ഹൈക്കോടതിയിൽ ഇപ്പോൾ ജഡ്ജിയായിട്ടുള്ള അന്നത്തെ എന്റെ ആത്മസുഹൃത്തും ആയിരുന്നു എന്നോടൊപ്പമുണ്ടായിരുന്നത്.

"ഓനെന്തെക്കെയാടോ ഈ പറഞ്ഞുകൂട്ടുന്നത്?" ഏകെജിയുടെ ചോദ്യം.

"ഇവർക്കൊരു ഫോട്ടോയെടുക്കണമെന്ന്." ഞാൻ ഭവ്യതയോടെ സ്വരം താഴ്ത്തിപ്പറഞ്ഞു.

"അപ്പൊ നിനക്കുവേണ്ടെ.?" എന്നോടായി ചോദ്യം. "ഫോട്ടോഗ്രാഫറെ വിളിക്കടോ"

ഓടിക്കിതച്ച് ഞാൻ കച്ചേരിത്താഴത്തുള്ള പ്യാരി സ്റ്റുഡിയോയിൽ ചെന്നു. ഭാഗ്യം സ്റ്റുഡിയോ തുറന്നിരുന്നു. മിനിട്ടുകൾക്കുള്ളിൽ ഞങ്ങൾ ടിബിയിലെത്തി.

"ങാ എടുക്ക്"

അവിടെ കിടന്ന ഒരു പഴയ സെറ്റിയിൽ ഒരറ്റത്തായി ഏകെജി ഇരുന്നു. നടുക്ക്‌
സ.സുശീല മറ്റേ അറ്റത്ത്‌ ഡേവിഡ് രാജൻ. ഞങ്ങൾ നാലുപേർ ഏകെജിയുടെ പിറകിലും നിന്നു.

ഞങ്ങൾ അടക്കാനാവാത്ത സന്തോഷത്തിലമർന്നു പോയി.

ഏകെജി മുറി വിട്ടിറങ്ങി കാറിനടുത്തെത്തുമ്പോഴേയ്ക്കും മക്കാരിക്കയും മണിയൻ ചേട്ടനും പാർട്ടി ഓഫിസിൽ നിന്നും ഓടിക്കിതച്ചെത്തി. 

ഏകെജി യാത്ര പറഞ്ഞു കാറിൽക്കയറുമ്പോഴുള്ള നിറഞ്ഞ ചിരി, ഒത്തിരി നിറക്കൂട്ടുള്ള ഒരു ചിത്രം പോലെ നെഞ്ചിലൊട്ടിച്ചു ഞാൻ അന്നുമുതൽ സൂക്ഷിച്ചുവരുന്നു.

ഇൻഡ്യൻ പാർലമെന്റിൽ ജനരോഷത്തിന്റെ ഇടിമുഴക്കങ്ങൾ പെയ്യിച്ച പാവങ്ങളുടെ പടനായകൻ മഹാനായ ഏകെജിയുടെ ജ്വലിക്കുന്ന സ്മരണകൾക്കു മുമ്പിൽ ഒരുപിടി ചുവന്ന പൂക്കൾ!

ഒപ്പം ഇന്നു നമുക്കൊപ്പമില്ലാത്ത സഖാക്കൾ സുശീല ഗോപാലൻ, ഡേവിഡ് രാജൻ, പി.എം.മക്കാരിക്ക, മണിച്ചേട്ടൻ, എം.കെ.രാജപ്പൻ മാഷ്, രാജൻ.പി.ജേക്കബ് - ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ!